തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി; സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Suresh Gopi
Suresh Gopi
നിഹാരിക കെ എസ്| Last Updated: വ്യാഴം, 31 ഒക്‌ടോബര്‍ 2024 (11:36 IST)
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്. ജസ്റ്റിസ് കൈസർ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.

തൃശൂരിലെ എഐവൈഎഫ് നേതാവിന്‍റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. എ.ഐ.വൈ.എഫ് നേതാവ് എസ്.എസ്. ബിനോയിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് തൃശൂരിൽ സുരേഷ് ഗോപി നേടിയതെന്നാണ് ബിനോയ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

സുരേഷ് ഗോപി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹര്‍ജി. ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളകുട്ടി വോട്ടുചോദിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സുഹൃത്തുവഴി സുരേഷ് ഗോപി പെന്‍ഷന്‍ വാഗ്ദാനം ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

രാജ്യസഭാ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍നിന്ന് ചിലര്‍ക്ക് പണം കൈമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു. സാമൂഹികമാധ്യമ പോസ്റ്റുകളും ദൃശ്യങ്ങളും ഉള്‍പ്പെടെ രേഖകള്‍ ഹര്‍ജിയുടെ ഭാഗമായി സമര്‍പ്പിച്ചു. ഇതൊക്കെ നടന്നത് സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹർജിയിൽ പറയുന്നുണ്ട്. വോട്ടറുടെ മകൾക്ക് ഫോൺ നൽകിയെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. ഇതെല്ലാം ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമാണെന്നും എഐവൈഎഫ് നേതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അട്ടിമറി വിജയമാണ് തൃശൂരിൽ സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. വിഎസ് സുനിൽ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. കേരളത്തിലെ ഏക ബിജെപി എംപിയായി തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതോടെ കേന്ദ്ര മന്ത്രി സ്ഥാനവും ലഭിച്ചു. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :