കൊച്ചി|
മെര്‍ലിന്‍ സാമുവല്‍|
Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (17:10 IST)
പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ ഹര്‍ജിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കും.
കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കി കുറ്റപത്രം തയാറാക്കിയാണ് അന്വേഷണം നടത്തിയത്.
ഈ കുറ്റപത്രത്തിൽ വിചാരണ നടന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ല. പൊലീസ് അന്വേഷണം നീതിപൂര്‍വ്വമല്ല.
അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് ഉണ്ടായി. രാഷ്ട്രീയക്കൊലയെന്ന് ഏഫ്‌ഐആറില്‍ വ്യക്തമാണെന്ന് പറഞ്ഞ കോടതി കൊലയ്ക്കു ശേഷം പ്രതികള്‍ പാര്‍ട്ടി ഓഫിസിലേക്കാണ് ആദ്യം പോയതെന്ന മൊഴി പൊലീസ് കാര്യമായി എടുത്തില്ലെന്നും കുറ്റപ്പെടുത്തി.
ഫൊറന്‍സിക് സര്‍ജന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നു വ്യക്തമാക്കിയ കോടതി പൊലീസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.