ജോര്‍ജിന്റെ സസ്‌പെന്‍ഷന്‌ സ്‌റ്റിയറിംഗ്‌ കമ്മറ്റിയുടെ അംഗീകാരം

കോട്ടയം| VISHNU N L| Last Modified ഞായര്‍, 14 ജൂണ്‍ 2015 (18:38 IST)
പിസി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ശരിവെച്ചു. സസ്‌പെന്‍ഷന്‍ തുടരട്ടേ എന്നതാണ്‌ സ്‌റ്റിയറിംഗ്‌ കമ്മറ്റി തീരുമാനം.അതേസമയം, ജോര്‍ജിനെതിരെ തത്‌കാലം കൂടുതല്‍ നടപടി ഉണ്ടാകില്ല. കൂടുതല്‍ നടപടിയെക്കുറിച്ച്‌ ആലോചിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. തോമസ്‌ ഉണ്ണിയാടനാടനാണ്‌ സമിതിയുടെ അധ്യക്ഷന്‍.

ജോയ് എബ്രഹാം, ആന്റണി രാജു, എന്നിവരാണ് സമിതിയിലുള്ള മറ്റുള്ളവര്‍ . മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജോര്‍ജിനെ അയോഗ്യനാക്കുന്ന കാര്യം നിയമസഭാ സ്പീക്കറെ അറിയിക്കാനും സ്റ്റീയറിങ് കമ്മിറ്റി തീരുമാനിച്ചു.പാര്‍ട്ടിക്ക്‌ എതിരെ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം നേരിടുന്ന പി.സി ജോര്‍ജിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു ഇന്ന്‌ ചേര്‍ന്ന സ്‌റ്റിയറിങ്‌ കമ്മറ്റിയോഗത്തിന്റെ മുഖ്യലക്ഷ്യം.

പാര്‍ട്ടി നയങ്ങളും തീരുമാനങ്ങളും ധിക്കരിക്കല്‍, പാര്‍ട്ടിയിലെയും യു.ഡി.എഫിലെയും നേതാക്കളെ അധിക്ഷേപിക്കല്‍, അപവാദ പ്രചരണങ്ങള്‍ നടത്തല്‍ എന്നിവ ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായെന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ്‌ ജോര്‍ജിനെ പാര്‍ട്ടി സസ്‌പെന്റു ചെയ്‌തത്‌. പാര്‍ട്ടി അംഗത്വത്തില്‍ നിലനിര്‍ത്തിയാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടി സമിതികളില്‍ നിന്നും കേരളാ കോണ്‍ഗ്രസ് എം സസ്‌പെന്‍ഡു ചെയ്തത്. ചീഫ് വിപ് സ്ഥാനത്തിനു പിന്നാലെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡു ചെയ്യപ്പെട്ടതോടെ കേരള കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്കുള്ള വഴിയിലെ അവസാന ഘട്ടത്തിലാണ് ജോര്‍ജ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :