‘പാറ്റൂര്‍ ഭൂമി കൈയേറ്റം: മുഖ്യമന്ത്രിയുടെ ഓഫീസിന് എത്ര കോടി കിട്ടി?’

തിരുവനന്തപുരം| Last Modified ബുധന്‍, 2 ജൂലൈ 2014 (11:48 IST)
പാറ്റൂര്‍ ഭൂമി കൈയേറ്റത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എത്ര കോടി കിട്ടിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. വിഎസ് അച്യുതാന്ദന്റെ പരാമര്‍ശം സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റത്തിന് കാരണമായി. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. തുടര്‍ന്ന് സഭവിട്ടു പുറത്തുപോയി.

അടിമലത്തുറയിലെ അധികൃത കെട്ടിട നിര്‍മാണവിഷയത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതാണ് ബഹളത്തിന് കാരണമായത്.

നിയമവിരുദ്ധമായി ഭൂമി കൈയേറിയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പാറ്റൂരില്‍ ഭൂമി കൈയേറിയവരാണ് അടിമലത്തുറയിലും അനുമതി തേടിയതെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസിനെ ഉപയോഗിച്ച് കൈയേറ്റം തടയണം. പാറ്റൂരിലെ വിജിലന്‍സ് റിപ്പോര്‍ട്ട് ആര്‍ക്കുവേണ്ടിയാണ് പൂഴ്ത്തിയതെന്നും വിഎസ് സുനില്‍ കുമാര്‍ ചോദിച്ചു. കോടികളുടെ അഴിമതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ടു ബന്ധമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഈ സമയം മുഖ്യമന്ത്രിയുടെ ഓഫീസിന് എത്ര കോടി കിട്ടിയെന്ന ചോദ്യവുമായി വി‌എസ് രംഗത്തെത്തിയത്.

അതേസമയം, പ്രത്യേക നിബന്ധകളോടെയാണ് നിര്‍മാണത്തിന് അനുമതി നല്കിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് മറുപടിയായി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :