എ കെ ജെ അയ്യർ|
Last Modified ഞായര്‍, 13 ഓഗസ്റ്റ് 2023 (12:37 IST)
തിരുവനന്തപുരം: വ്യാജ പാസ്‌പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ളാദേശ് പൗരൻ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ളാദേശ് സ്വദേശിയായ ആപ്പിൾബർവാ എന്ന 24 കാരനാണ് എമിഗ്രെഷൻ വകുപ്പിന്റെ പിടിയിലായത്.
വ്യാജ രേഖകൾ ചമച്ചു നേടിയ ഇന്ത്യൻ പാസ്‌പോർട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു ഇയാൾ തിരുവനന്തപുരം വിമാന താവളത്തിൽ എത്തിയത്. പശ്ചിമ ബംഗാൾ സ്വദേശി റോയ് സന്തോഷ് ചന്ദ്രൻ എന്ന പേരിൽ പാസ്പോർട്ട് സംഘടിപ്പിച്ചായിരുന്നു ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.
ആദ്യം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിലേക്കും അവിടെ നിന്ന് മറ്റൊരു വിദേശ രാജ്യത്തേക്കും കടക്കാനായിരുന്നു ഇയാളുടെ ഉദ്ദേശം. എമിഗ്രെഷൻ വകുപ്പിൽ നടന്ന പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ രണ്ടിലും വ്യത്യസ്തമായ വിലാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ളാദേശ് പൗരനാണെന്നു കണ്ടെത്തിയത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.