പരവൂര്‍ വെടിക്കെട്ടപകടം: പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ വന്‍തുക ആവശ്യപ്പെടുന്നു; പണമടയ്ക്കാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുന്നു

പരവൂര്‍ വെടിക്കെട്ടപകടം: പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ വന്‍തുക ആവശ്യപ്പെടുന്നു; പണമടയ്ക്കാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുന്നു

പരവൂര്‍| JOYS JOY| Last Updated: തിങ്കള്‍, 11 ഏപ്രില്‍ 2016 (15:13 IST)
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ നിഷേധിച്ചതായി റിപ്പോര്‍ട്ട്. പരുക്കേറ്റവര്‍ക്ക് സൌജന്യചികിത്സ നല്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായാണ് സ്വകാര്യ ആശുപത്രികളുടെ നടപടി. 70,000 മുതല്‍ 75, 000 രൂപ വരെയാണ് സ്കാനിംഗിനും മറ്റുമായി രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.

അതീവഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളോട് ചികിത്സ നല്കുന്നതിനു മുമ്പു തന്നെ പണമടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ചാത്തന്നൂര്‍ എം എല്‍ എ ജിഎസ് ജയലാല്‍ ആണ് ആശുപത്രികളുടെ തീവെട്ടി കൊള്ളയ്ക്കെതിരെ രംഗത്തെത്തിയത്. ആശുപത്രികളില്‍ വിളിക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ ഫോണ്‍ എടുക്കുന്നില്ലെന്നും എം എല്‍ എ ആണെന്നു പറഞ്ഞാലും സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ജി എസ് ജയലാല്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് കളക്‌ടര്‍ക്ക് പരാതി നല്കിയ എം എല്‍ എ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം,ഇക്കാര്യം കളക്‌ടറുമായി സംസാരിച്ചെന്നും പണം വാങ്ങിയ രോഗികള്‍ക്ക് അത് തിരിച്ചു നല്കാനുള്ള നടപടികള്‍ കൈക്കൊണ്ടെന്നും
ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെയാണ് പരാതി. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സൌജന്യചികിത്സ നല്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയിരുന്നു. ഇതിനു വിരുദ്ധമായിട്ടായിരുന്നു സ്വകാര്യ ആശുപത്രികളുടെ നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :