കൊല്ലം|
aparna shaji|
Last Updated:
ഞായര്‍, 17 ഏപ്രില്‍ 2016 (14:08 IST)
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വെടിക്കെട്ട് കരാറുകാരൻ വർക്കല കൃഷ്ണൻകുട്ടിയുടെ തൊഴിലാളികളെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. വെടിക്കെട്ടിന് തീ കൊടുത്ത തൊഴിലാളികൾ മദ്യലഹരിയിലായിരുന്നുവെന്ന കമ്പക്കാരൻ കൊച്ചുമണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊച്ചുമണിയെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇതോടുകൂടി അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അതോടൊപ്പം ദുരന്തത്തിൽ പരുക്കേറ്റവർക്ക് സർക്കാർ നൽകാമെന്ന് പറഞ്ഞ തുക നൽകി വരികയാണെന്ന് പൊലീസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഏപ്രിൽ പത്തിനായിരുന്നു നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായത്. ദുരന്തത്തിൽ 107 പേർ മരിക്കുകയും 350ൽ പരം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വെടിക്കെട്ട് നടത്തിയ മറ്റൊരു കരാറുകാരൻ കൃഷ്ണൻകുട്ടി, ക്ഷേത്ര ഭാരവാഹി പ്രേംലാൽ എന്നിവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.