Thiruvananthapuram|
രേണുക വേണു|
Last Modified ശനി, 26 ജൂലൈ 2025 (13:12 IST)
സംസ്ഥാനത്ത് എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ കൂടിയായ പാലോട് രവി ജില്ലയിലെ ഒരു പ്രാദേശിക നേതാവിനോടു നടത്തുന്ന ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂക്കുകുത്തി താഴെവീഴുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പാലോട് രവി പറഞ്ഞു.
' അവിടെ പഞ്ചായത്ത് ഇലക്ഷനില്‍ മൂന്നാമത് പോകും, നിയമസഭയില്‍ മൂക്കുകുത്തി താഴെ വീഴും. നീ നോക്കിക്കോ 60 അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി എന്ത് ചെയ്യാന്‍ പോകുന്നതെന്ന്. അവര്‍ കാശുകൊടുത്ത് വോട്ട് വാങ്ങിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാമത് പോകും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരുകയും ചെയ്യും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതോടുകൂടി ഈ പാര്‍ട്ടിയുടെ അധോഗതിയാകും,' പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.