വിദ്യാര്‍ഥികളുമായി ചീറിപ്പാഞ്ഞ് ബസ്; അപകട സമയത്ത് വേഗത മണിക്കൂറില്‍ 97.5 കിലോമീറ്റര്‍, കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമം !

ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (08:33 IST)

പാലക്കാട് വടക്കഞ്ചേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയപാത വാളയാര്‍-വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്ന് പുലര്‍ച്ചെ അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസിനു പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലേക്കാണ് എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസ് ഇടിച്ചുകയറിയത്. അഞ്ചു വിദ്യാര്‍ഥികളും ഒരു അധ്യാപകനും അടക്കം ഒന്‍പത് പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന വിവരം.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമായത്. അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.5 കിലോമീറ്റര്‍ ആയിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവറും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്യാനാണ് അമിത വേഗത്തില്‍ ഡ്രൈവര്‍ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :