പാലക്കാട് - പൊള്ളാച്ചി ബ്രോഡ്ഗേജ്: പാസഞ്ചര്‍ ട്രയിന്‍ ആരംഭിച്ചു

പാലക്കാട്| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (13:29 IST)
പാലക്കാട് - പൊള്ളാച്ചി തീവണ്ടി പാത ബ്രോഡ്ഗേജ് ആക്കിയതോടെ കഴിഞ്ഞ ദിവസം പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഓടിത്തുടങ്ങി. ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്ന ഈ ഓട്ടത്തിനു പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും തന്നെയില്ലായിരുന്നു. എന്നാലും എല്ലാ 8 സ്റ്റേഷനുകളിലും ജനം ട്രെയിനുകള്‍ക്ക് വന്‍പിച്ച വരവേല്‍പ്പാണു നല്‍കിയത്.

തിരുവനന്തപുരത്തു നിന്ന് പാലക്കാട് വരെ ഓടുന്ന അമൃത എക്സ്പ്രസ് പൊള്ളാച്ചിയിലേക്ക് നീട്ടിയത് ഉള്‍പ്പെടെ നാലു ട്രെയിനുകള്‍ കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചു. യാത്രക്കാര്‍ക്കൊപ്പം മുന്‍ കേന്ദ്ര റയില്‍വേ സഹമന്ത്രി ഒ.രാജഗോപാലും ട്രെയിനുകള്‍ക്ക് വരവേല്‍പ്പു നല്‍കാന്‍ എത്തിയിരുന്നു.

54 കിലോമീറ്റര്‍ നീളമുള്ള ഈ പാത ബ്രോഡ്ഗേജാക്കാനായി 2008 ഡിസംബറിലാണു പണി തുടങ്ങിയത്. കഴിഞ്ഞ മാസം പണി പൂര്‍ത്തിയായ പാതയില്‍ പരീക്ഷണാര്‍ത്ഥം ചരക്കു വണ്ടികള്‍ ഓടിത്തുടങ്ങിയിരുന്നു.

പാത തുറന്നതോടെ പാലക്കാട് ടൌണില്‍ നിന്ന് പുലര്‍ച്ചെ 4.30 നു പുറപ്പെടുന്ന തിരുച്ചെന്തൂര്‍, 8.05 നു പുറപ്പെടുന്ന പൊള്ളാച്ചി പാസഞ്ചര്‍, വൈകിട്ട് 5.30 നു മറ്റൊരു പൊള്ളാച്ചി പാസഞ്ചര്‍, രാത്രി 8.25 നു തിരുച്ചിറപ്പള്ളി പാസഞ്ചര്‍ എന്നീ ട്രെയിനുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്.

പുതിയ പാത തുറന്നതോടെ
മലബാര്‍, കൊച്ചി മേഖലകളിലെ യാത്രക്കാര്‍ക്ക് ഈ റൂട്ടിലുള്ള തമിഴ്നാട്ടിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ പഴനി, മധുര, വേളാങ്കണ്ണി എന്നിവയെ ബന്ധപ്പെടുത്തി പുതിയ ട്രെയിനുകള്‍ ആരംഭിക്കാനുള്ള സാധ്യത റയില്‍വേ ആരായുന്നുണ്ടെന്നും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :