പാലക്കാട്ട് യുവാവ് മരിച്ച സംഭവം : കൊലപാതകമെന്ന് പോലീസ്

എ.കെ.ജെ.അയ്യര്‍| Last Updated: വ്യാഴം, 23 ജൂണ്‍ 2022 (21:52 IST)

പാലക്കാട്ടെ നരികുത്തിയില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. രണ്ട് ദിവസം മുമ്പ് ഉച്ചയോടെ പുതുപ്പള്ളിത്തെരുവ് മാളികയില്‍ അബ്ബാസിന്റെ മകന്‍ അനസ് എന്ന 31 കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകം എന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ നരികുത്തി പാര്‍ത്ഥ നഗര്‍ സ്വദേശി ഫിറോസ് എന്ന 39 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റു എന്ന് പറഞ്ഞാണ് പരിക്കുകളോടെ ഫിറോസും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് അനസിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അന്ന് രാത്രി തന്നെ അനസ് മരിച്ചു. എന്നാല്‍ ഇവര്‍ പറഞ്ഞ അപകടം ഉണ്ടായിട്ടില്ലെന്ന് പോലീസ് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചുണ്ണാമ്പുതറയിലെ ഒരു കടയില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ഫിറോസ് അനസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചതായി കണ്ടെത്തി. ഇതില്‍ ഒന്ന് തലയ്ക്കാണ് ഏറ്റത്. തുടര്‍ന്ന് ഫിറോസ് അനസിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ പ്രഹരമാണ് മരണകാരണം എന്ന് കണ്ടെത്തി.

ഇരുപതോമ്മാനം തീയതി നരികുത്തിയിലെ വനിതാ ഹോസ്ടലിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ അനസിനെ അതുവഴി ബൈക്കില്‍ എത്തിയ ഫിറോസും സുഹൃത്തും കണ്ട് ചോദ്യം ചെയ്തതാണ് പ്രശ്‌നമായത്. ഇവരുടെ അടിയേറ്റു ബോധരഹിതനായ അനസിനെ ഓട്ടോയില്‍ കയറ്റിയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :