നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 10 ജൂണ്‍ 2021 (08:27 IST)
പാലക്കാട് അയിലൂര്‍ കാരക്കാട്ടുപറമ്പിലെ അപൂര്‍വ പ്രണയകഥ സിനിമ പോലെ ഉദ്വേഗജനകം. ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവന്നിട്ട് 24 മണിക്കൂര്‍ ആയിട്ടും മലയാളികള്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല.
സംഭവങ്ങളുടെ തുടക്കം
മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ സജിതയെന്ന പെണ്‍കുട്ടിയെ കാണാതായത് മുതലാണ് സംഭവങ്ങളുടെ തുടക്കം. 2010 ലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എത്ര അന്വേഷണം നടത്തിയിട്ടും പൊലീസിന് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.
സജിത എവിടെയായിരുന്നു
സജിതയുടെ വീടിനു തൊട്ടടുത്ത് തന്നെയാണ് റഹിമാന്‍ എന്ന യുവാവിന്റെ വീട്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടില്‍ നിന്നു കാണാതായ ദിവസം സജിതയെ റഹിമാന്‍ വിവാഹം കഴിച്ചിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ ആണ് രഹസ്യമായി ഇരുവരും വിവാഹം ചെയ്തത്. വിവാഹശേഷം റഹിമാന്‍ സജിതയെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു, ആരും അറിയാതെ ! സൗകര്യങ്ങള്‍ കുറഞ്ഞ കൊച്ചുവീടാണ് കൊച്ചുവീടാണ് റഹിമാന്റേത്. ഈ വീട്ടിലേക്കാണ് ആരും അറിയാതെ സജിതയെ കൊണ്ടുവന്നത്. റഹിമാന്റെ വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല നാട്ടുകാര്‍ക്ക് ! സജിതയെ റഹിമാന്‍ തന്റെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു പിന്നീട്. പിതാവും മാതാവും സഹോദരിയും ഉള്‍പ്പെടെ കഴിയുന്ന റഹിമാന്റെ വീട്ടില്‍ അടുക്കളയുള്‍പ്പെടെ മൂന്നു മുറിയും ഇടനാഴിയും മാത്രമുള്ളത്. ഈ കൊച്ചുവീട്ടിലാണ് ആരുമറിയാതെ യുവാവ് പ്രണയിനിയെ 10 വര്‍ഷവും സംരക്ഷിച്ചത്.
സജിതയെ സംരക്ഷിച്ചത് ഇങ്ങനെ
റഹിമാന്‍ പണിയ്ക്ക് പോകുന്ന സമയത്ത് പുറത്തുനിന്ന് മുറി പൂട്ടും. പണിയ്ക്ക് പോയി വന്നാല്‍ മുറിയിലെ ടിവി ഉച്ചത്തില്‍വയ്ക്കും. ഈ സമയത്താണ് ഇവരുടെ സംസാരമൊക്കെയും.
ഇലക്ട്രിക് കാര്യങ്ങളെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണ് റഹിമാന്‍. താന്‍ പണിക്ക് പോകുന്ന സമയത്ത് സജിതയ്ക്ക് ബോറടിക്കാതിരിക്കാന്‍ പ്രത്യേക ഇയര്‍ഫോണ്‍ സജ്ജീകരിച്ചു നല്‍കിയിരുന്നു. വീട്ടിലെ ടിവിയിലെ ശബ്ദം ഇയര്‍ഫോണിലൂടെ സജിത കേള്‍ക്കും. സജിത മുറിയില്‍ താമസിക്കുന്നത് ആരും അറിയാതിരിക്കാന്‍ ചില പ്രത്യേക സജ്ജീകരണങ്ങള്‍ റഹിമാന്‍ ഒരുക്കിയിരുന്നു. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധമായിരുന്നു വാതിലിന്റെ ഓടാമ്പല്‍. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു. വീട്ടുകാരുടെ മുന്നില്‍ മാനസിക രോഗിയെ പോലെ പെരുമാറി. റഹിമാനെ പേടിച്ച് വീട്ടുകാര്‍ ആരും അയാളുടെ മുറിയില്‍ കയറാറില്ലായിരുന്നു. മുറിയ്ക്ക് പുറത്തേക്കിട്ട വയറുകള്‍ തൊട്ടാല്‍ ഷോക്കടിക്കുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു കുടുംബാംഗങ്ങള്‍ക്ക് ഷോക്കടിച്ച സംഭവവുമുണ്ടായി.
ജനല്‍ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേര്‍ത്തുപിടിപ്പിച്ചു. കുടുംബത്തൊടൊപ്പമിരുന്ന് ഇന്നുവരെ ഭക്ഷണം കഴിയ്ക്കാന്‍ റഹിമാന്‍ തയാറായിരുന്നില്ല. ആവശ്യമായത് പ്ലേറ്റില്‍ വിളമ്പി മുറിയില്‍ കൊണ്ടുചെന്ന് സജിതയ്‌ക്കൊപ്പമിരുന്ന് കഴിക്കും. സാധാരണ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതല്‍ പ്ലേറ്റില്‍ എടുക്കും. ഒരു ജഗ്ഗ് നിറയെ ചായ മുറിയിലേക്ക് കൊണ്ടുപോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നല്‍കി.
മുറിയിലെ ജനലഴികള്‍ അഴിച്ചു മാറ്റി പുറത്ത് കടക്കാന്‍ സൗകര്യമുണ്ടായിരുന്നു. അതുവഴിയാണ് പുറത്തുള്ള ശുചിമുറിയിലേക്ക് പോകാറുള്ളത്. അതും രാത്രി ആരുമറിയാതെ ! റഹിമാന്റെ മുറിയില്‍ ഇരുന്നാല്‍ വീട്ടില്‍ വരുന്നവരെയും പോകുന്നവരെയും കാണാന്‍ കഴിയും. മുറിയിലെ ജനലിലൂടെ നോക്കിയാല്‍ പുറത്തെ റോഡിലൂടെ പോകുന്നവരെയും കാണാം. അങ്ങനെ ഒന്നുരണ്ട് തവണ യുവതി തന്റെ സ്വന്തം മാതാപിതാക്കളെ പോലും കണ്ടിട്ടുണ്ട്. ഓട് വീട് ആയതിനാല്‍ അവിടെ സംസാരിക്കുന്ന എല്ലാ കാര്യങ്ങളും യുവതി കേട്ടിരുന്നു. പല ദിവസങ്ങളിലും റഹിമാന്‍ പണിക്ക് പോകാറില്ല. ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി മുറിയില്‍ തന്നെ കുത്തിയിരിക്കും.
ക്ലൈമാക്‌സ്
മകന് പ്രേതബാധയുണ്ടെന്ന് വിചാരിച്ച് റഹിമാന്റെ മാതാപിതാക്കള്‍ ഇയാളെ മന്ത്രവാദ ചികിത്സയ്ക്ക് കൊണ്ടുപോയി. രണ്ടിടങ്ങളില്‍ നിര്‍ബന്ധിച്ച് കൂട്ടികൊണ്ടുപോവുകയും അവിടെ നിന്ന് പച്ചമരുന്ന് കഴിച്ച് ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവാവിന് പേടി കൂടിയതോടെയാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ ഇരുവരും തീരുമാനിച്ചത്.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് വീട്ടില്‍ നിന്ന് മാറി ഏഴ് കിലോമീറ്റര്‍ അകലെ ഒരു സ്ഥലത്ത് റഹിമാനും സജിതയും ഒന്നിച്ചുതാമസം ആരംഭിച്ചത്. വീട്ടുകാരെ അറിയിക്കാതെയാണ് റഹിമാന്‍ താമസം മാറിയത്. വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. മൂന്ന് മാസം അന്വേഷിച്ചിട്ടും പൊലീസിന് ആളെ കണ്ടെത്താനായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം റഹിമാന്റെ സഹോദരന്‍ ലോറിയില്‍ പോകുമ്പോള്‍ ആ കാഴ്ച കാണുന്നത്. റഹിമാന്‍ റോഡിലൂടെ നടക്കുന്ന കണ്ടതും സഹോദരന്‍ അയാളെ പിന്തുടര്‍ന്നു. ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്ക് നില്‍ക്കുകയായിരുന്ന പൊലീസിന്റെ സഹായത്തോടെ റഹിമാനെ പിടിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പത്ത് വര്‍ഷം നീണ്ട പ്രണയകഥ പുറംലോകമറിഞ്ഞത്. മറ്റു പരാതികളൊന്നും ഇല്ലാത്തതിനാല്‍ പോലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു.