വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 30 മാര്‍ച്ച് 2020 (10:08 IST)
കോട്ടയം: കോട്ടയം പായിപ്പാട് വിലക്ക് ലംഘിച്ച് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഭവത്തിലെ ഗൂഡാലോച കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിലക്ക് ലംഘിച്ച് കൂട്ടം ചേർന്നതിന് നിരവധി പേർക്കെതിരെ
പൊലീസ് കേസെടുത്തു. തൊഴിലാളി ക്യാംപുകൾ പൊലീസ് റെയ്ഡ് നടത്തി. 20ഓളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.
എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ സംഘടിച്ച് എത്തിയതിൽ കൃത്യമായ അസൂത്രണവും ഗൂഡാലോചനയും ഉണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾക്ക് പ്രതിഷേധത്തിന് പിന്നിൽ പങ്കുണ്ട് എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികൾ കൂട്ടം ചേർന്ന് പ്രതിഷേധിച്ച പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് ആറുമണി മുതലാണ് ജില്ലയിൽ 144 നിലവിൽവന്നത്, ജില്ലയുടെ പരിധിയിൽ നാലുപേരിൽ കൂടുതൽ കൂട്ടം ചേരരുത് എന്ന് ജില്ലാ കളക്ടർ പികെ സുധീർ ബബു അറിയിച്ചു. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.