പാടം നികത്തി ഫ്ലാറ്റ് നിര്‍മ്മാണം; പ്രതിഷേധവുമായി ആം ആദ്‌മി പാര്‍ട്ടി

കൊച്ചി| JOYS JOY| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (13:29 IST)
കൊച്ചിയിലെ മരടില്‍ കാലങ്ങളായി പാടമായിരുന്ന സ്ഥലം ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനായി നല്കിയതിനെതിരെ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിഷേധം.
മുത്തൂറ്റ് ഗ്രൂപ്പിനാണ് ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ നികത്തുഭൂമിയാക്കി പാടം നല്കിയത്.

നിയമലംഘനം നടത്തി മുത്തൂറ്റ് ഗ്രൂപ്പിന് സ്ഥലം അനുവദിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ പ്രദേശത്ത് കൊടി നാട്ടി. അതേസമയം, ദേശീയപാതയോരത്തെ നിലം സര്‍ക്കാര്‍ ഒത്താശയോടെ വന്‍കിട ബിസിനസ് ഗ്രൂപ്പ് നികത്തിയെടുക്കുന്നതായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

ഭൂവിനിയോഗ നിയമത്തിന്റെ കൂട്ടു പിടിച്ച്‌ സ്ഥലത്തിന്റെ ബി ടി ആറിലും ഉള്‍പ്പെടെ മാറ്റം വരുത്തിയും കളക്ടറുടെ ഉത്തരവിന്റെ മറവിലുമാണ് ഇവരുടെ നിയമലംഘനം എന്നാരോപിച്ച്‌ സ്ഥലത്തെത്തിയ ആം ആദ്മി പാര്‍ട്ടി വോളണ്ടിയര്‍മാര്‍ ഭൂമി നികത്തിയെടുക്കാനുള്ള നീക്കം തടഞ്ഞാണ് പ്രദേശത്ത് എ എ പിയുടെ കൊടി നാട്ടിയത്.

അതേസമയം, കളക്ടറുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് ഭൂമിയില്‍ നിര്‍മ്മാണം നടത്താനുള്ള അവകാശമുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ കാലാകാലങ്ങളായി പാടമായിരുന്ന സ്ഥലം ഒരു സുപ്രഭാതത്തില്‍ 'നികത്തപ്പെട്ട' ഭൂമിയായത് വന്‍അട്ടിമറിയുടെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :