തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 19 ഫെബ്രുവരി 2017 (10:23 IST)
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് 1850 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം ഗവര്‍ണര്‍ പി സദാശിവം തടഞ്ഞു. ഇത്രയും തടവുകാരുടെ മോചനത്തിന് അനുമതി നല്‍കുന്നത് വേണ്ടത്ര രീതിയിലുള്ള പരിശോധനകള്‍ നടത്തിയതിന് ശേഷമല്ലെന്നും ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ശിക്ഷയേറ്റുവാങ്ങിയ നിരവധിപേര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ശുപാര്‍ശാ ലിസ്റ്റിന് ചുവപ്പുകൊടി കാട്ടിയത്./
രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ പ്രതികളായ സി.പി.എം. പ്രവര്‍ത്തകരുള്‍പ്പെട്ടതായിരുന്നു സര്‍ക്കാര്‍ നല്‍കിയ പട്ടിക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്. മോചിപ്പിക്കാ ശുപാര്‍ശ ചെയ്ത പ്രതികളുടെ കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞാണ് ഗവര്‍ണര്‍ സര്‍ക്കാറിന് കത്തയച്ചിരിക്കുന്നത്. മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് ഇത്രത്തോളം തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കിയാണ് ഗവര്‍ണര്‍ സര്‍ക്കാറിന്റെ ശുപാര്‍ശ തള്ളിയത്.
ബലാത്സംഗ കേസിലുള്‍പ്പെടെ ശിക്ഷ അനുഭവിക്കുന്ന ലൈംഗിക കുറ്റവാളികളും മയക്കുമരുന്നു കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരും മനോവൈകൃതങ്ങള്‍ മൂലം കുറ്റങ്ങള്‍ ചെയ്തവരുമെല്ലാം സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഭരണകക്ഷിയായ എല്‍ഡിഎഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നിരവധി പേരും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഈ ലിസ്റ്റ് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിലേക്ക് തിരിച്ചയക്കുമെന്നാണ് അറിയുന്നത്.