എന്റെ ജനകീയതയിൽ അതൃപ്തി വേണ്ട, ആന്തൂരിൽ ശ്യാമളക്ക് വീഴ്ച പറ്റി, അത് ഉൾക്കൊള്ളണം: മുഖ്യമന്ത്രിയെ തിരുത്തി ജയരാജൻ

Last Modified വെള്ളി, 28 ജൂണ്‍ 2019 (12:46 IST)
ആന്തൂരിൽ സാജൻ പാറയിൽ എന്ന പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ നഗരസഭ അധ്യക്ഷ പി കെ ശ്യാമളക്ക് വീഴ്ച പറ്റി എന്ന നിലപാടിൽ ഉറച്ച് സാജന്റെ കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിൽ പി കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നും അത് ഉൾക്കൊള്ളണമെന്നും പി ജെയരാജൻ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തെറ്റുപറ്റിയത് ഉദ്യോഗസ്ഥർക്കാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളുന്നതാണ് ജയരാജന്റെ നിലപാട്. ഒരു പ്രവർത്തകനെയും ഒതുക്കാൻ സി പി എമ്മിനെ സംഘടന തത്വം അനുസരിച്ച് സാധിക്കില്ല. സി പി എമ്മിൽ പണ്ട് താൻ എന്തായിരുന്നോ അതുതന്നെയാണ് ഇപ്പോഴും. തന്റെ ജനകീയതയിൽ പാർട്ടിക്കുള്ളിൽ അതൃപ്തി വേണ്ട. പാർട്ടിക്കതീതനായല്ല വിധേയനായാണ് താൻ പ്രവർത്തിക്കുന്നത് എന്നും പി ജയരാജൻ പറഞ്ഞു.

താൻ ജനപ്രതിനിധി അല്ല സിപിഎം ജില്ലാ സെക്രട്ടറി ആയതുകൊണ്ടാണ് സാജന്റെ കെട്ടിടത്തിന് അനുമതി നൽകാത്തതിന്റെ കാരണം അന്വേഷിച്ചത്. ചട്ടലംഘനമുണ്ടായിരുന്നു എന്നാണ് മറുപടി ലഭിച്ചത് ന്യൂനതകൾ പരിഹരിച്ച് ഏപ്രിലിൽ തന്നെ നഗരസഭക്ക് മുൻപാകെ അപേക്ഷ സമർപ്പിച്ചിട്ടും കാലതാസം വന്നതാണ് സാജനെ മനോവിഷമത്തിലാക്കിയത് ഇതാണ് ആത്മഹത്യയിലേക്കും നയിച്ചത്. ഇത്തരം ഒരു ദാരുണ സംഭവം ഉണ്ടായതിൽ തനിക്ക് വിഷമമുണ്ടെന്നും ജയരാജൻ പറഞ്ഞു. വിഷയത്തിൽ പി കെ ശ്യാമളയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറയി വിജയൻ സ്വീകരിച്ചിരുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :