എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (18:41 IST)
വടക്കാഞ്ചേരി: അനധികൃതമായ രീതിയിൽ അമിത പലിശ ഈടാക്കി പണം കടംകൊടുക്കുന്നതു തടയാനായി നടപ്പാക്കിയ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കിഴക്കഞ്ചേരിയിൽ നിന്ന് കണക്കിൽ പെടാത്ത സ്വർണ്ണവും പണവും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ടു പൂണിപ്പാടം പങ്കജാക്ഷനെതീരെ (52) പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇയാളുടെ വീട്ടിൽ നിന്ന് 40 പവന്റെ സ്വർണ്ണം, മൂന്നു ലക്ഷം രൂപ, വിവിധ ആളുകളുടെ പേരിലുള്ള ഏഴു ബ്ളാങ്ക് ചെക്ക് ലീഫുകൾ, ദിവസ കളക്ഷൻ ലെഡ്ജർ, രസീതുകൾ എന്നിവയും പിടിച്ചെടുത്തു. വടക്കാഞ്ചേരി സി.ഐ എം.മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
അഞ്ചു മണിക്കൂറോളം പരിശോധന നടത്തി. പിടിച്ചെടുത്ത സാധനങ്ങൾ ആലത്തൂർ കോടതിയിൽ ഹാജരാക്കി. പങ്കജാക്ഷൻ ഒളിവിലാണെന്ന് പോലീസ് വെളിപ്പെടുത്തി.