ഓപ്പറേഷന്‍ കുബേര വന്‍ വിജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം| Last Modified വ്യാഴം, 29 മെയ് 2014 (13:01 IST)
ഓപ്പറേഷന്‍ കുബേര വന്‍ വിജയമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 1112 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 518 പേര്‍ അറസ്റ്റിലായി. മൂന്നു കോടി നാല്‍പ്പത്തിയേഴ് ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റി നാല്‍‌‌പത് രൂപ പിടിച്ചെടുത്തതായും ചെന്നിത്തല പറഞ്ഞു.

കൂടാതെ ഫോറിന്‍ കറന്‍സികളും ബ്ലാങ്ക് ചെക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓപ്പറേഷന്‍ കുബേര തുടരുകയാണ്. കുബേര കുറ്റമറ്റതാക്കാന്‍ നടപടി കൈക്കൊണ്ടു വരുന്നു. വ്യാജപരാതിയാണോ നല്‍കിയിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണം നടത്തിയശേഷം മാത്രമേ നടപടി സ്വീകരിക്കാവൂയെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പണമിടപാട് സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്ക് നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കാവൂയെന്ന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല സ്ഥാപനങ്ങളും നിയമം അനുസരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :