തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 28 മെയ് 2014 (12:30 IST)
ആറന്മുള വിമാനത്താവളം, കസ്തൂരി രംഗന് വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിക അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയ വാര്‍ത്ത മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പൊഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രി സഭ യൊഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വരുന്നതിനോട് എതിര്‍പ്പില്ല. പ്രധാനമന്ത്രിയുടെ പുതിയ ആശയത്തൊട് മുഖം തിരിക്കില്ല.
എന്നാല്‍ ഓഫീസ് വരുന്നത് സംസ്ഥാനത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണമെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഡല്‍ഹിക്കു
പോകാന്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോളജുകള്‍ ഇല്ലാത്ത നിയോജക മണ്ഡലങ്ങളില്‍ 10 പുതിയ ഗവ.കോളജുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ അനുമതി നല്കി. ഇതില്‍ ആറു കോളജുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരമായി. മറ്റ് നാലു കോളജുകളിലെ അധ്യാപക നിയമനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭാ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കാര്‍ഷിക വായ്പാ മോറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടി.
സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. മൂന്നു മാസത്തേക്ക് ട്രോളിംഗ് നിരോധനം വേണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗുരുവായൂര്‍ ക്ഷേതത്തില്‍ ടെംപിള്‍ പോലീസ് സ്റ്റേഷന് സ്ഥാപിക്കും. ക്ഷേത്രപരിസരത്തു തന്നെയായിരിക്കും സ്റ്റേഷന് സ്ഥാപിക്കുക. ഭക്തരെ ക്ഷേത്രജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അരുണ സുന്ദര്‍രാജന്റെ സീനിയോരിറ്റി മറികടന്ന് ജൂനിയര്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ചോദ്യത്തോട് പ്രതികരിച്ചു. ഒരു അഡീഷണല്‍ പോസ്റ്റ് രൂപീകരിക്കുന്നതിനുള്ള തീരുമാനമാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. എം.ജി സര്‍വകലാശാല വിസി നിയമനത്തില്‍ തീരുമാനമായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.