ഓൺലൈൻ തൊഴിൽ തട്ടിപ്പ് : പത്ത് ലക്ഷം തട്ടിയ 55 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 24 മാര്‍ച്ച് 2024 (11:36 IST)
എറണാകുളം: ഓൺലൈൻ തൊഴിൽ തട്ടിപ്പിലൂടെ പത്ത് ലക്ഷം തട്ടിയെടുത്ത മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞു മുഹമ്മദിനെ (55) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിൾ പ്രൊമോഷൻ ജോലി വാഗ്ദാനം ചെയ്താണ് കൊച്ചി പുതുവൈപ്പ് സ്വദേശിയായ യുവാവിനെ ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്.

തട്ടിപ്പിന്റെ ആദ്യഘട്ടമായി ഓൺലൈനായി ഗൂഗിൾ പ്രൊമോഷൻ ചെയ്യാൻ താത്പര്യമുണ്ടോ എന്ന മെസേജ്, ലിങ്ക് എന്നിവ അയച്ചു കൊടുക്കും. ഇതിൽ വീഴുന്നവരെ ഗൂഗിൾ പ്രൊമോഷൻ ചെയ്യിപ്പിച്ച ശേഷം ചെറിയൊരു തുക പ്രതിഫലമായി നൽകും. എന്നാൽ തുടർന്ന് കൂടുതൽ ജോലികൾ ലഭിക്കും എന്ന് വാഗ്ദാനം നൽകിയ ശേഷം പണവും വാങ്ങും. ഇടയ്ക്ക് ജോലി പൂർത്തീകരിച്ചിട്ടില്ലെന്നും സിബിൽ സ്‌കോർ കുറഞ്ഞു എന്നു പറഞ്ഞു ജോലി ചെയ്യുന്നവരോട് കൂടുതൽ പണം ആവശ്യപ്പെട്ടാണ് ഇയാൾ തട്ടിപ്പ് തുടർന്നത്.

എന്നാൽ ഇതിൽ സംശയം തോന്നിയാണ് യുവാവ് പോലീസിനെ സമീപിച്ചത്. മലപ്പുറത്തെ എറവക്കാട് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :