പ്രതിപക്ഷ നേതാവ് സ്ഥാനലബ്ധിയിൽ മതിമറന്ന് സംസാരിക്കുന്നു, തിരഞ്ഞെടുപ്പ് കഴിഞ്ഞതും തള്ളിപ്പറയുന്നുവെന്ന് എൻഎസ്എസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 മെയ് 2021 (13:01 IST)
പ്രതിപക്ഷ നേതാവ് വി‌ഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുന്ന പാരമ്പര്യമാണോ കോൺഗ്രസിനെന്നും പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസിയാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും പജനറൽ സെക്രട്ടറി കെ സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകൾക്കും ഉണ്ട്. സാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണ്? ആവശ്യം വരുമ്പോൾ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുകയാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നത്. തിരെഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശനും എൻഎസ്എസ് ആസ്ഥാനത്ത് സഹായം തേടിയെത്തിയിരുന്നു.

പുതിയ സ്ഥാനലബ്ധിയിൽ മതിമറന്നാണ് പ്രതിപക്ഷ നേതാവ് വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്നും മുന്നണികളോടും പാർട്ടികളോടും ഒരേ സമീപനം മാത്രമാണ് എൻഎസ്എസിനുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളിൽ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരൻ നായർ പ്രസ്ഥാവനയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :