രേണുക വേണു|
Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (08:03 IST)
നിപ ബാധിച്ച് മരിച്ച ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ 12 വയസുകാരന്റെ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള ഏഴ് പേരുടെ സ്രവ സാംപിളുകള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 20 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. അതിലെ ഏഴ് പേരുടെ സ്രവ സാംപിളുകളാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പനി ലക്ഷണമുണ്ട്. രോഗലക്ഷണമുള്ള മൂന്ന് പേര്‍ അടക്കം 20 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. നിപയുടെ ഉറവിടം കണ്ടെത്തുക അത്യാവശ്യമാണെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സമ്പര്‍ക്ക പട്ടിക കുറ്റമറ്റതാക്കും. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരും. സമ്പര്‍ക്ക പട്ടികയില്‍ നിലവിലുള്ളത് 188 പേരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.