കൊച്ചി|
Last Modified ബുധന്, 5 ജൂണ് 2019 (19:34 IST)
നിപാ വൈറസ് ബാധയെ തുടര്ന്ന് കൊച്ചിയില് സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്ന യുവാവിന്റെ നിലയില് പുരോഗതി. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആരോഗ്യവകുപ്പ് പുറത്തുവിട്ട ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
മൃഗങ്ങളിൽ നിപയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.
രോഗിയുമായ സമ്പർക്കത്തിലായിരുന്നവരിൽ മൂന്നുപേർ കൂടി ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെതുടർന്ന് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 314 ആയി. പൊതുജനങ്ങൾക്ക് നിപ്പയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് നിലവിലുള്ള 1077നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം തൃശൂരിൽ 35 പേർ നിരീക്ഷണത്തിലാണ്. 3 പേരുടെ പനി പൂർണമായും മാറിയതായി ഡിഎംഒ വ്യക്തമാക്കി. കൊല്ലത്ത് നാല് പേരുടെ നിരീക്ഷണം തുടരുകയാണ്. നിലവിൽ ഇവര്ക്ക് ഒരു ആരോഗ്യ പ്രശ്നങ്ങളുമില്ല. തൊടുപുഴയിൽ ആരും നിരീക്ഷണത്തിലില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.