'റമീസിനെയും ഫൈസൽ ഫരീദിനെയും അറിയില്ല, സ്വപ്നയുടെ വീട്ടിൽ പോയത് ഭർത്താവ് ക്ഷണിച്ചപ്പോൾ', ശിവശങ്കറിലേയ്ക്ക് ഉറ്റുനോക്കി കേരളം

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 28 ജൂലൈ 2020 (07:46 IST)
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ 9 മണിക്കൂറ് നേരമാണ് ചോദ്യം ചെയ്തത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഐഎ ശിവശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെ മൊഴികളും മറ്റു പ്രതികളും മൊഴികളും ലഭ്യമായ തെളിവുകളും വച്ച് മൊഴികളിലെ പൊരുത്തക്കേടുകൾ പരിശോധിയ്ക്കുന്നതിനാണ് ഇത്.

ഇന്നലെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ശിവശങ്കർ അഭിഭാഷകനെ കണ്ടിരുന്നു. എൻഐഎയുടെ ദക്ഷിണേന്ത്യൻ മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹിയിൽനിന്നുമുള്ള സംഘവും ചോദ്യം ചെയ്യൽ നിരീക്ഷിച്ചിരുന്നു. സ്വപ്ന സുരേഷ് തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും യുഎഇ കോൻസലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് ഔദ്യോഗിക പാരിചയം. സ്വപ്നയെ സംസ്ഥാനത്തെ ഭരണമുന്നണിയുമായി ബന്ധമുള്ള ആരെങ്കിലും ശുപാർശ ചെയ്തോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ശിവശങ്കർ മറുപടി നൽകിയതായാണ് വിവരം.

കെടി റമീസിനെയും, ഫൈസൽ ഫരീദിനെയും അറിയില്ല. ഇവർക്ക് സ്വപ്നയുമായുള്ള സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിവുണ്ടായിരുന്നില്ല. സ്വപ്‌നയുടെ ഭർത്താവ് ക്ഷണിച്ചപ്പോൾ മാത്രമാണ് അവരുടെ വീട് സന്ദർശിച്ചത്. സ്വപ്നയുടെ ഭർത്താവ് അഭ്യർത്ഥിച്ചതുകൊണ്ടാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നൽകിയത്. തങ്ങളുടെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടകുന്നതിനാൽ കുറച്ചുകാലത്തേയ്ക്ക് മാറിതാമസിയ്ക്കാൻ ഫ്ലാറ്റ് വാടകയ്ക്ക് വേണമെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത് എന്ന് ശിവശങ്കർ മൊഴി നൽകിയതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :