തിരുവനന്തപുരം|
Last Modified ബുധന്‍, 23 നവംബര്‍ 2016 (09:13 IST)
രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ സംസ്ഥാനത്തെ എ ടി എമ്മുകളില്‍ എത്തും. തിങ്കളാഴ്ച വൈകുന്നേരം തന്നെ ഏതാനും എസ് ബി ഐ എ ടി എമ്മുകളില്‍ 500 രൂപ നോട്ടുകള്‍ ലഭ്യമായി തുടങ്ങിയിരുന്നു. എന്നാല്‍, ബുധനാഴ്ചയോടെ എസ് ബി ടി എ ടി എമ്മുകളിലും സംസ്ഥാനത്തെ ഭൂരിഭാഗം എസ് ബി ഐ എ ടി എമ്മുകളിലും 500 രൂപ നോട്ടുകള്‍ ലഭ്യമാകും.
റിസര്‍വ് ബാങ്ക് കേന്ദ്രത്തില്‍ എത്തിയ നോട്ടുകള്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബാങ്കുകള്‍ക്ക് വിതരണം ചെയ്തിരുന്നു. 25 കോടിയുടെ 500 രൂപ നോട്ടുകളാണ് എസ് ബി ടിക്ക് ഇന്നലെ ആകെ ലഭിച്ചത്. പത്തു കോടിയുടെ 100 രൂപയും ലഭിച്ചിട്ടുണ്ട്. 500 രൂപ നോട്ടുകള്‍ എ ടി എമ്മുകളിലൂടെ മാത്രം ലഭ്യമാക്കാനാണ് തീരുമാനം.
500 രൂപ നോട്ടുകള്‍ എ ടി എമ്മുകളിലൂടെ ലഭ്യമാക്കുന്നതോടെ ചില്ലറക്ഷാമത്തിനും 2000 രൂപയുടെ ഒറ്റനോട്ട് മാറ്റാനുള്ള നെട്ടോട്ടത്തിനും പരിഹാരമാകുമെന്നാണ് കരുതുന്നത്. നോട്ട് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ കൂടുതല്‍ 500 രൂപ നോട്ടുകളെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.