വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 5 ജനുവരി 2021 (08:12 IST)
തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച അതി വ്യാപനശേഷിയുള്ള കൊവിഡ് വൈറസ് കേരളത്തിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. സംസ്ഥാനത്തെ തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തി. തീവ്ര വ്യാപനശേഷിയുള്ള വൈറസ് കേരളത്തിൽ പടർന്നുപിടിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിദേശ രാജ്യങ്ങളിൽനിന്നും എത്തുന്നവരെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കും. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക ചെറുതാണെങ്കിലും, തീവ്ര വ്യാപന ശേഷിയുള്ള വൈറസ് ആയതിനാൽ കൂടുതൽ പേരിലേയ്ക്ക് പടരാനുള്ള സാധ്യതയുണ്ട് എന്നാണ് അരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. യുകെയിൽനിന്നും തിരികെയെത്തിയവർ ആരോഗ്യവകുപ്പിനെ അറിയിയ്ക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒൻപതാം തീയതി മുതൽ യുകെയിൽനിന്നും കേരളത്തിലെത്തിയ 1,600 ഓളം പേരെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.