അഭിറാം മനോഹർ|
Last Modified ബുധന്‍, 26 ജൂണ്‍ 2024 (17:48 IST)
തീവ്രമായ മത്സരങ്ങളും കൊടിയ ചൂഷണങ്ങളും നിറഞ്ഞ നിയോലിബറല്‍ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപയോഗത്തെ ശക്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി വിരുദ്ധ ദിനാചരാണത്തോട് ബന്ധപ്പെട്ട് നടത്തിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തുമെന്ന സന്ദേശമാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനം മുന്നോട്ട് വെയ്ക്കുന്നത്. ലഹരിവിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തില്‍ നിരവധി ബോധവത്കരണ പരിപാടികള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്.തീവ്രമായ മത്സരങ്ങളും കൊടിയ ചൂഷണങ്ങളും നിറഞ്ഞ നിയോലിബറല്‍ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപയോഗത്തെ ശക്തിപ്പെടുത്തുന്നത്. ഈ ചൂഷണ വ്യവസ്ഥയേയും അതടിച്ചേല്‍പ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതെയാക്കണം.
എല്ലാവര്ക്കും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ സാധിക്കുന്ന നാളുകള്‍ യാഥാര്‍ഥ്യമാവട്ടെ. ചൂഷണ രഹിതമായ ലോകം യാഥാര്‍ഥ്യമാക്കാനുള്ള വിമോചന മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം പകരുന്നതാകട്ടെ ഈ ലഹരി വിരുദ്ധ ദിനമെന്നും മുഖ്യമന്ത്രി ആശംസിച്ചു.