ഹോട്ടലില്‍ മുറിയെടുത്തത് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന പേരില്‍, ഹോട്ടലില്‍ നിന്ന് പുറത്തു പോകുമ്പോള്‍ കയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ല; ഹോട്ടല്‍ ജീവനക്കാരുടെ സംശയം നീതുവിനെ കുടുക്കി

രേണുക വേണു| Last Modified വെള്ളി, 7 ജനുവരി 2022 (08:40 IST)

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി നീതു രാജ് പദ്ധതികള്‍ മെനഞ്ഞത് വിദഗ്ധമായി. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന് പറഞ്ഞാണ് നീതു ഹോട്ടലില്‍ മുറിയെടുത്തത്. മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാന്‍ എത്തിയതാണ് താനെന്ന് ഹോട്ടല്‍ ജീവനക്കാരോട് നീതു പറയുകയും ചെയ്തു. തട്ടിയെടുത്ത കുഞ്ഞുമായി, താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ നീതു ടാക്‌സിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. കുഞ്ഞിനെ തട്ടിയെടുക്കുമ്പോള്‍ നീതുവിനൊപ്പം 8 വയസ്സുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു. ഇതു തന്റെ മകനാണെന്നു നീതു പൊലീസിനോടു പറഞ്ഞു. തിരുവല്ല സ്വദേശിയായ നീതു കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ പ്ലാനറാണ്. കുട്ടിയുമായെത്തിയതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് നീതുവിനെ പിടികൂടാന്‍ തുണച്ചത്. ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ നീതുവിന്റെ കയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ല. തിരിച്ചുവന്നപ്പോള്‍ കയ്യില്‍ കുഞ്ഞിനെ കണ്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമായി. അങ്ങനെയാണ് നീതു പിടിയിലായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :