രേണുക വേണു|
Last Modified ചൊവ്വ, 19 ജൂലൈ 2022 (08:04 IST)
കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിവാദം കനക്കുന്നു. ആയൂരിലെ പരീക്ഷാകേന്ദ്രത്തിലാണ് വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഊരി പരിശോധിച്ചത്. വളരെ മോശം അനുഭവമാണ് നേരിട്ടതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പരീക്ഷാകേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി.
അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വെച്ച് അടിവസ്ത്രം ധരിക്കാന്‍ സമ്മതിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അടിവസ്ത്രത്തില്‍ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചതെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചതെന്നും ഈ പിതാവ് പ്രതികരിച്ചു.