മകളാണെന്ന് അവകാശപ്പെട്ട് സരിത എത്തി, തുടര്‍ന്ന് വാക്കേറ്റം; തലയ്ക്കടിച്ച് വിജയമോഹന്‍ നായര്‍, ഒടുവില്‍ ആത്മഹത്യ

രേണുക വേണു| Last Modified ശനി, 14 ഓഗസ്റ്റ് 2021 (10:31 IST)

തിരുവനന്തപുരം നെടുമങ്ങാട് തലയ്ക്ക് അടിയേറ്റ് കരകുളം സ്വദേശി സരിത മരിച്ചു. സരിതയെ ആക്രമിച്ച വിജയമോഹന്‍ നായര്‍ വ്യാഴാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിലും തുടര്‍ന്നുള്ള ആത്മഹത്യയിലും കലാശിച്ചത്.

മകള്‍ ആണെന്ന് അവകാശപ്പെട്ടാണ് സരിത വിജയമോഹന്‍ നായരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. സരിതയ്ക്ക് 42 വയസ്സുണ്ട്. കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ചയാളാണ് വിജയമോഹന്‍ നായര്‍. താന്‍ വിജയമോഹന്‍ നായരുടെ മകളാണെന്ന് സരിത പലപ്പോഴായി ആരോപിച്ചിരുന്നു. ഇതിനെതിരെ വിജയമോഹന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ നെടുമങ്ങാട് നെല്ലിമൂട്ടിലെ വിജയമോഹനന്‍നായരുടെ വീട്ടിലെത്തിയ സരിത മകളാണെന്ന അവകാശവാദം ശക്തമായി ഉന്നയിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടയില്‍ മണ്‍വെട്ടി കൊണ്ട് വിജയമോഹന്‍ നായര്‍ സരിതയുടെ തലയില്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് വീട്ടുമുറ്റത്ത് വീണ സരിതയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വച്ചാണ് സരിത മരിച്ചത്.

ഇതിനു ശേഷം സഹോദരന്റെ വീട്ടു മുറ്റത്തെത്തിയ വിജയമോഹന്‍ നായര്‍ ഡീസലൊഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സഹോദരനാണ് സരിതയെ തന്റെ വീട്ടിലേക്കു പറഞ്ഞയക്കുന്നതെന്നായിരുന്നു വിജയമോഹന്‍ നായരുടെ ആരോപണം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :