കൊച്ചി|
സജിത്ത്|
Last Updated:
തിങ്കള്‍, 11 സെപ്റ്റംബര്‍ 2017 (08:34 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷാ ആശുപത്രി വിട്ടു. പൊലീസ് ഇടപെട്ടാണ് നാദിര്‍ഷായെ സ്വകാര്യആശുപത്രിയിൽനിന്നു രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചതെന്നാണ് സൂചന. അതേസമയം, നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായുള്ള സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
നാദിര്‍ഷാ നല്കിയ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു. കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യവും കോടതി തളളിയിരുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന് അറിയിച്ചു. ചോദ്യം ചെയ്യാന്‍ പൊലീസ് വീണ്ടും വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിർഷായെയും അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പ്രോസിക്യൂഷന് അനുകൂലമാകുന്ന തരത്തില്‍ മൊഴി കൊടുക്കണമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അതിനു തയ്യാറായില്ലെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചാണ് നാദിര്‍ഷാ കോടതിയെ സമീപിച്ചത്.