ലീഗിന്റെ രാജ്യസഭാ സീറ്റ്, അന്തിമ തീരുമാനം പാണക്കാട് തങ്ങളുടേത്

കോഴിക്കോട്| VISHNU N L| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (18:41 IST)
മുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയാരെന്നുള്ള തീരുമാനം പാര്‍ട്ടീയുടെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനിക്കും. നാളെത്തന്നെ സ്ഥാനാര്‍ഥിയാരെന്നുള്ള കാര്യം തങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ
അറിയിച്ചത്. പി വി അബുദുല്‍ വഹാബും കെ പി എ മജീദുമാണ് ലീഗിന്റെ സാധ്യതാപട്ടികയിലുള്ളത്.

അബ്ദുല്‍ വഹാബിന് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ പിന്തുണയുണ്ട്. ഇകെ വിഭാഗം സുന്നികളുടെ പിന്തുണയും വഹാബ് ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം ഭൂരിഭാഗം പാര്‍ട്ടി നേതാക്കളുടെ പിന്തുണയാണ് കെപിഎ മജീദിന്റെ പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടാ‍യതോടെയാണ് രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ പര്‍ട്ടി ചുമതലപ്പെടുത്തിയത്.

സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ രണ്ടോ മൂന്നോ നേതാക്കള്‍ സംസാരിച്ചതിനു പിന്നാലെ പൊതു ചര്‍ച്ചയിലേക്കു കടക്കാതെ
ഓരോ നേതാക്കളുടെയും അഭിപ്രായം പ്രത്യേകം പ്രത്യേകം ആരാഞ്ഞ ശേഷം സംസ്ഥാന പ്രസിഡന്റ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലേക്കു കടക്കുകയായിരുന്നു. ആറംഗങ്ങളുള്ള പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷമാണ് രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തിയത്.

രാജ്യസഭാ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ വഹാബിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ പരോക്ഷമായി എതിര്‍ത്തുകൊണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടെങ്കിലും പിന്നീട് പിന്‍വലിച്ചു. ഇതിനിടെ, മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഉചിതമായ തീരുമാനത്തിനായി കാത്തിരിക്കാമെന്നും ഫെയ്സ്ബുക്കിലെ ഈ പോസ്റ്റില്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :