കൊല്ലം: ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുണ്ടറ കുരീപ്പള്ളി തുമ്പുവിള വീട്ടിൽ മുഹമ്മദ് ആഷിഖ് - പരേതയായ ഫസീല ബീവി ദമ്പതികളുടെ മകളായ ആമിന മരിച്ച സംഭവത്തിൽ ഭർത്താവ് ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരിയെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഇരുപത്തിരണ്ടിനു പുലർച്ചെയായിരുന്നു ആമിന മരിച്ചത്. കഠിനമായ ശ്വാസതടസം എന്ന് പറഞ്ഞു അബ്ദുൽ ബാരിയും ബന്ധുക്കളും ആമിനയെ കൊല്ലത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ ഇവർ മരിച്ചിരുന്നു. ആമിനയുടെ പിതാവ് മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കബറടക്കി. ഇതിനൊപ്പം അസാധാരണ മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആമിനയ്ക്ക് അതിനുതക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ല എന്നും ഇവരെ ശ്വാസം മുട്ടിച്ചതിനാലാണ് മരണം ഉണ്ടായതെന്നും കണ്ടെത്തിയതായി രേഖപ്പെടുത്തി. തുടർന്ന് ഭർത്താവ് അബ്ദുൽ ബാരിയെ ശാസ്ത്രീയമായ രീതിയിൽ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് പോലീസ് അറിയിച്ചത്.