എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (18:00 IST)
പത്തനംതിട്ട: നിസ്സാര കാര്യത്തിന് തുടങ്ങിയ വാക്കു തർക്കം അക്രമത്തിലും അത് കൊലപാതകത്തിലും കലാശിച്ചു.
ഇടയാറന്മുള എരുമക്കാട് കളരിക്കോട് കണ്ടഞ്ചാത്തൻ കുളഞ്ഞിയിൽ കേശവൻ - പൊന്നമ്മ ദമ്പതികളുടെ മകൻ സജി എന്ന 46 കാരനാണ് കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റു മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കളരിക്കോട് പരുത്തുംപാറയിലാണ് സംഭവം നടന്നത്. മരിച്ച സജിയും സുഹൃത്ത് വടക്കേചെരുവിൽ സന്തോഷ് എന്ന ആളും ചേർന്ന് സ്ഥിരമായി ശല്യം ഉണ്ടാക്കി കൊണ്ടിരുന്ന തെരുവ് നായയെ നേരിടാനായി കമ്പിവടിയുമായി പോവുകയായിരുന്നു. ഇതുകണ്ട് കടയിൽ സാധനം വാങ്ങുകയായിരുന്നു റോബിൻ എന്നയാൾ ഇവരോട് കമ്പിവടി കൊണ്ട് മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് ചോദിച്ചതാണ് തർക്കത്തിനും അടിപിടിക്കും കാരണമായത്.
വഴക്കിനിടെ റോബിൻ കമ്പിവടി പിടിച്ചുവാങ്ങി സജിയുടെ തലയ്ക്കടിച്ചു. താഴെ വീണ സജിയെ വീണ്ടും അടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിച്ച സന്തോഷിനും കമ്പിവടി കൊണ്ടുള്ള അടികിട്ടി. എന്നാൽ സംഭവത്തിന് ശേഷം ഏറെ കഴിഞ്ഞു ഗുരുതരമായി പരുക്കേറ്റ സജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു. എന്നാൽ പുലർച്ചെ സജി മരിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസ് റോബിൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.