എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 13 മെയ് 2022 (19:30 IST)
മലപ്പുറം: മൈസൂരുവിൽ നിന്നുള്ള ശാബാ ശരീഫ് എന്ന പാരമ്പര്യ വൈദ്യനെ മൃഗീയമായി വെട്ടിനുറുക്കി കൊലചെയ്ത പ്രവാസി വ്യവസായി ഷൈബിൻ അഷ്‌റഫ് കൊടുംക്രിമിനൽ എന്നാണ് പോലീസ് നിലപാട്. മൂലക്കുരുവിന്റെ രഹസ്യം കണ്ടെത്തി വ്യവസായ ആവശ്യത്തിനായാണ് ഷൈബിൻ വൈദ്യനെ മാസങ്ങളോളം തടവിൽ വച്ച് കൊടും പീഡനത്തിന് വിധേയമാക്കിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി കവറിലാക്കി ചാലിയാറിൽ തള്ളിയത്.
ഇതിനു കൂട്ടുനിന്ന പ്രതികൾക്കെതിരെ ഷൈബിൻ നൽകിയ പരാതി അന്വേഷിച്ചപ്പോഴാണ് പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. അടച്ചിട്ട തടവറയിൽ മറ്റു രണ്ട് പേരെ കൂടി കൊല്ലാൻ ഇയാൾ ബ്ലൂ പ്രിന്റ് തയ്യാറാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ നിന്നും ഷൈബിനും കൂട്ടരും ബ്ലൂ പ്രിന്റ് തയ്യാറാക്കി തന്നെ ഗൾഫിൽ രണ്ട് കൊലപാതകങ്ങൾ നടത്തിക്കഴിഞ്ഞതായി വീഡിയോ തെളിവുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലാണ് ഷൈബിൻ നടത്തിയ ക്രൂരകൃത്യങ്ങളും കൊലപാതകങ്ങളും ഇപ്പോൾ പുറത്തുവന്നത്.
2020 ൽ അബുദാബിയിലെ ഫ്‌ളാറ്റിൽ ഷൈബിന്റെ വ്യാപാര പങ്കാളിയായ കോഴിക്കോട്ടെ മുക്കം സ്വദേശി ഹാരിസ് കൈ ഞരമ്പ് മുറിഞ്ഞും മറ്റൊരു കൂട്ടാളിയായ എറണാകുളം സ്വദേശിനി ശ്വാസം മുട്ടിയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. യുവതിയെ കൊല ചെയ്ത ശേഷം ഹാരിസ് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്തു എന്നായിരുന്നു പ്രചരിപ്പിച്ചത്. ഈ കൊലപാതകങ്ങൾ വളരെ ആസൂത്രിതമായിട്ടായിരുന്നു.
എന്നാൽ വൈദ്യനെ കൊല തടവറയിൽ കണ്ടെത്തിയ ബ്ലൂ പ്രിന്റിൽ നിന്ന് കൊലപാതകം നടത്തേണ്ടതിന്റെ രീതി വിശദമായി കണ്ടെത്താൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വീഡിയോ കൂട്ടുപ്രതികളിൽ ഒരാളായ നൗഷാദ് പകർത്തിയതാണ് ഇപ്പോൾ പുറത്തുവന്നത്. 45 പേജോളം വരുന്ന ഈ ബ്ലൂ പ്രിന്റിൽ കൊലപാതകം എങ്ങനെ സംശയമില്ലാത്ത രീതിയിൽ നടത്തണമെന്നായിരുന്നു വിശദീകരിച്ചിരുന്നത്. ഇതിൽ ആകെ അഞ്ചു പേരാണ് പങ്കെടുത്തത്.