രേണുക വേണു|
Last Modified ബുധന്‍, 20 നവംബര്‍ 2024 (08:33 IST)
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ നിസാരവത്കരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.മുരളീധരനെതിരെ സോഷ്യല്‍ മീഡിയ. വയനാട്ടില്‍ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നാണ് മുരളീധരന് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്. ദുരന്തബാധിതരായ പാവപ്പെട്ട മനുഷ്യരെ അധിക്ഷേപിക്കുകയാണ് മുരളീധരന് ചെയ്തതെന്ന് നിരവധി പേര് വിമര്‍ശിച്ചു. വയനാടിനോടുള്ള ബിജെപി നിലപാടാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുരളീധരന്റെ അധിക്ഷേപ പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്നും ആളുകള്‍ പറയുന്നു.
വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാന്‍ കേന്ദ്രം ഇതുവരെ സാമ്പത്തിക സഹായം നല്‍കിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് വയനാട്ടിലെ ജനങ്ങളെ അധിക്ഷേപിക്കുന്ന ബിജെപി നേതാവിന്റെ പരാമര്‍ശം. സ്വന്തം നാടിനെതിരെയാണ് മുരളീധരന് ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അല്‍പ്പമെങ്കിലും മനുഷ്യത്തം ഉള്ളവര്‍ ഇങ്ങനെ പറയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഒരു നാട് മുഴുവന്‍ ഒലിച്ചു പോയിട്ടില്ല. മൂന്ന് വാര്‍ഡുകളില്‍ മാത്രമാണ് നാശനഷ്ടമുണ്ടായത്. വൈകാരികമായി ചിന്തിക്കുന്നതില്‍ കാര്യമില്ല. മൂന്ന് വാര്‍ഡുകള്‍ ഒലിച്ചുപോയതിനെ ഒരു നാട് മുഴുവന്‍ ഒലിച്ചു പോയി എന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് മുരളീധരന് മാധ്യമങ്ങളോടു ചിരിച്ചുകൊണ്ട് പറഞ്ഞത്.