മുണ്ടൂരില്‍ വിഭാഗീയത, വച്ചുപുലര്‍ത്തില്ലെന്ന് സിപി‌എം

മുണ്ടൂര്‍, സിപി‌എം, പാലക്കാട്
ഒറ്റപ്പാലം| vishnu| Last Modified ശനി, 17 ജനുവരി 2015 (08:05 IST)
മുണ്ടൂര്‍ ഏരിയാ കമ്മിറ്റിയില്‍ നില നില്‍ക്കുന്ന വിഭാഗീയത് വച്ചുപൊറുപ്പിക്കില്ലെന്ന് സിപി‌എം പാലക്കാട് സംഘടനാ റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍
സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.2012ല്‍ വിമത കണ്‍വന്‍ഷന്‍ നടന്ന ഏരിയാ കമ്മറ്റിയാണ് മുണ്ടൂരിലേത്. അന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് വെടിനിര്‍ത്താല്‍ കൊണ്ടുവന്നത്. ഇപ്പോള്‍ ജില്ലാകമ്മറ്റി മുണ്ടൂരിനെതിരെ തിരിഞ്ഞത് പുതിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് സൂചന.

ഏരിയാ കമ്മിറ്റിക്കു പാര്‍ട്ടിയോടു നിഷേധാത്മക സമീപനമാണെന്നും തിരുത്താന്‍ അവസരം കൊടുത്താലും അതിനു തയാറാകാത്ത നിരവധി സഖാക്കള്‍ മുണ്ടൂരിലുണ്ടെന്നും ആരോപിച്ചാണ് റിപ്പോര്‍ട്ട് മുണ്ടൂരിനെ വിമര്‍ശിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മൂന്നിനും നാലിനുമായി നടന്ന മുണ്ടൂര്‍ ഏരിയാ സമ്മേളനത്തില്‍ 17 അംഗ ഏരിയാ കമ്മിറ്റിയെയും സെക്രട്ടറിയായി പി.എ. ഗോകുല്‍ദാസിനെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. പാര്‍ട്ടി കമ്മിറ്റിയിലേക്കും ഉപരിസമ്മേളനത്തിലേക്കും നേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ചു മേല്‍കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും നിഷേധാത്മക സമീപനമാണു മുണ്ടൂര്‍ ലോക്കല്‍ കമ്മിറ്റി കൈകൊണ്ടത് എന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റുമായ ടി.കെ. അച്യുതന്‍, കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ജയപ്രകാശ് എന്നിവരെ മത്സരത്തിലൂടെ ഏരിയാ കമ്മിറ്റിയില്‍നിന്നു പുറത്താക്കിയ സംഭവമാണു റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ക്കു പ്രധാന കാരണം. മുണ്ടൂരില്‍ ആറില്‍ അഞ്ച് ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങളിലും വിഭാഗീയത ഉണ്ടായി. വനിതാ കേഡര്‍മാരെ അംഗീകരിക്കുന്നതിനും പാര്‍ട്ടി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുന്നതിനും വിമുഖതയുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

ജില്ലയിലെ മറ്റു ചില ഏരിയ സമ്മേളനങ്ങളിലും മത്സരമുണ്ടായെങ്കിലും അതു പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണെന്നാണു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പോഷക സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :