മേമന്റെ വധശിക്ഷ: ഇന്ത്യക്ക് തിരിച്ചടി നല്‍കും - ഛോട്ടാ ഷക്കീല്‍

 മുംബൈ സ്ഫോടനക്കേസ്, ദാവൂദ് ഇബ്രാഹിം , ഛോട്ടാ ഷക്കീല്‍ , യാക്കൂബ് മേമന്‍
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 31 ജൂലൈ 2015 (11:12 IST)
മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ വധശിക്ഷയ്‌ക്ക് വിധേയമാക്കിയതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീല്‍. മേമനെ തൂക്കിലേറ്റിയത് വഴി നടന്നത് നിയമപരമായ കൊലപാതകമാണ്. മേമന്റെ അനുഭവം മനസിലുള്ളിടത്തോളം കാലം ഇന്ത്യൻ സർക്കാർ നീട്ടുന്ന 'ചോക്‌ലേറ്റ്' ഇനി ആരും വാങ്ങില്ലെന്നും ഛോട്ടാ ഷക്കീൽ വ്യക്തമാക്കി.

യാക്കൂബ് മേമനെപ്പോലെ ദാവൂദ് ഭായിയും ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ കിഴടങ്ങിയിരുന്നെങ്കില്‍ യാക്കൂബ് മേമന്റെ ഗതി തന്നെ അദ്ദേഹത്തിനും വരുമായിരുന്നു. മേമനെ ചതിയിലൂടെയാണ് തൂക്കിലേറ്റിയത്. ഇന്ത്യൻ‌ സർക്കാരിനെ ഭാവിയിൽ ആരും വിശ്വസിക്കില്ലെന്നും ഷക്കീൽ പറഞ്ഞു. മേമനെ ശിക്ഷിച്ചതില്‍ തങ്ങള്‍ അപലപിക്കുന്നു. കീഴടങ്ങുന്ന സമയത്ത് യാക്കൂബ് മേമന് നൽകിയിരുന്ന വാഗ്ദാനങ്ങൾ ലംഘിച്ച് അദേഹത്തെ ചതിക്കുകയായിരുന്നു ഇന്ത്യൻ സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മേമനെ ചതിയിലൂടെ തൂക്കിലേറ്റിയ സാഹചര്യത്തില്‍ ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങള്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല.
ഇന്ത്യയിൽ തിരികെയെത്തി നിയമത്തിന് കീഴടങ്ങാനുള്ള സാധ്യത ഇതോടെ അവസാനിച്ചു. തന്റെ സഹോദരൻ ചെയ്ത കുറ്റത്തിന് ഒരു നിരപരാധിയേയാണ് ഇന്ത്യ തൂക്കിലേറ്റിയിരിക്കുന്നതെന്നും
ഛോട്ടാ ഷക്കീൽ വ്യക്തമാക്കി. യാക്കൂബ് മേമന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നുവെന്ന പൊലീസ് കണ്ടെത്തലും ഛോട്ടാ ഷക്കീൽ നിരാകരിച്ചു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഓഫിസുമായി ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം ഈ വിവരങ്ങള്‍ നല്‍കിയത്.

യാക്കൂബ് മേമന്റെ സഹോദരൻ ടൈഗർ മേമനൊപ്പം ചേർന്ന് മുംബൈ സ്ഫോടനത്തിന്റെ ആസൂത്രണം നിർവഹിച്ചത് ദാവൂദ് ഇബ്രാഹിമാണെന്നാണ് കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :