മുല്ലപ്പള്ളി പാര്‍ട്ടിയില്‍ നിന്ന് മാറിനില്‍ക്കുന്ന കാര്യം ആലോചിക്കുന്നു; ആരും പിന്തുണയ്ക്കാത്തതില്‍ അതൃപ്തി

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 28 മെയ് 2021 (12:35 IST)

കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്നു മാറിനില്‍ക്കാന്‍ ആലോചിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയില്‍ നിന്നു തനിക്ക് വേണ്ടത്ര പിന്തുണ കിട്ടാത്തതില്‍ മുല്ലപ്പള്ളി അതൃപ്തിയുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ ശ്രമിക്കുന്നതായും മുല്ലപ്പള്ളിക്ക് അഭിപ്രായമുണ്ട്. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് ഒഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ സജീവമാകാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ നിന്നു മുല്ലപ്പള്ളി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്നത്തെ യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, താന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തലയെയും യുഡിഎഫ് നേതൃത്വത്തെയും മുല്ലപ്പള്ളി അറിയിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. മുല്ലപ്പള്ളി രാജി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കെ.സുധാകരന്‍, പി.ടി.തോമസ്, കെ.മുരളീധരന്‍, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകളാണ് പുതിയ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :