'നാണംകെട്ട തോല്‍വി മണത്തിരുന്നു'; വോട്ടെടുപ്പിന് ശേഷം മുല്ലപ്പള്ളി നിശബ്ദനായി, ആഘാതം ഉറപ്പിച്ചിരുന്നു

നെല്‍വിന്‍ വില്‍സണ്‍| Last Updated: തിങ്കള്‍, 3 മെയ് 2021 (11:04 IST)

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഉറപ്പിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാര്യമായ വെല്ലുവിളികളും പരസ്യ പ്രസ്താവനകളും നടത്താതിരുന്നത് ഈ തോല്‍വി ഏറെക്കുറെ ഉറപ്പിച്ചതിനാലാണ്. തുടര്‍ഭരണം ഉറപ്പാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടെടുപ്പിന് ശേഷം പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതിനോടൊന്നും കെപിസിസി അധ്യക്ഷന്‍ കാര്യമായി പ്രതികരിച്ചില്ല.

ബൂത്ത് തലത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് തോല്‍വിക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ കെപിസിസി നേതൃത്വത്തിനു ലഭിച്ചിരുന്നു. എന്നാല്‍, ഇത്ര കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും 50 മുതല്‍ 60 വരെ സീറ്റുകളെങ്കിലും യുഡിഎഫിന് കിട്ടുമെന്നും കോണ്‍ഗ്രസ് ഒറ്റയ്ക്ക് 30 ലേറെ സീറ്റെങ്കിലും നേടുമെന്നും ആയിരുന്നു ബൂത്ത് തലത്തില്‍ ലഭിച്ച രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിന് ശേഷം മുല്ലപ്പള്ളി കാര്യമായി പ്രതികരണങ്ങള്‍ ഒന്നും നടത്താതിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മുല്ലപ്പള്ളിയുടെ നേതൃപദവി ചോദ്യം ചെയ്യപ്പെടാന്‍ കാരണമായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃപദവി ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ വിലയിരുത്തല്‍.

കനത്ത തോല്‍വിയുടെ കടുത്ത ആഘാതത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഏറ്റവും വലിയ തിരിച്ചടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ്. ചെന്നിത്തലയായിരുന്നു സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എല്ലാ ദിവസവും ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് അസ്വസ്ഥത സൃഷ്ടിക്കുന്നതില്‍ ചെന്നിത്തല വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങളും വിമര്‍ശനങ്ങളുമൊന്നും ജനങ്ങള്‍ കാര്യമായെടുത്തില്ല എന്നതാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തിന് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ പ്രതിപക്ഷനേതൃസ്ഥാനം ഒഴിയാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിതനാകും. പകരം, വി.ഡി.സതീശന്‍ പ്രതിപക്ഷനേതാവാകുമെന്നാണ് സൂചനകള്‍. ദിവസവും രണ്ടുനേരം വാര്‍ത്താസമ്മേളനം നടത്തി ആരോപണമുന്നയിക്കുന്നതു മാത്രമല്ല ഒരു പ്രതിപക്ഷനേതാവിന്റെ കടമയെന്ന് യുഡിഎഫിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്.

സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതെ ചുറ്റിവരിയുന്നത് നല്ല ഒരു പ്രതിപക്ഷത്തിന്റെ ലക്ഷണമല്ലെന്നും വാദമുണ്ട്. അതുകൊണ്ടുതന്നെ ചെന്നിത്തല മാറണമെന്ന ആവശ്യത്തിന് വരും ദിവസങ്ങളില്‍ ശക്തിയേറും. കോണ്‍ഗ്രസിന് കൂട്ടത്തോല്‍വിയുണ്ടായെങ്കിലും വി.ഡി.സതീശന്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ടി.സിദ്ദിഖ് തുടങ്ങിയ യുവനേതാക്കള്‍ ജയിച്ചുവന്നത് അവര്‍ക്ക് ആശ്വാസകരമാണ്. വി.ഡി.സതീശന്‍ പ്രതിപക്ഷനേതാവാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഏറ്റവും കൂടുതലുള്ളതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :