ഉത്തരവ് കത്തിച്ചവരറിയാൻ,ഈ ഉമ്മയുടെ 5510 രൂപയ്‌ക്ക് അവരുടെ ജീവന്റെ വിലയുണ്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (15:27 IST)
ആടിനെ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കൊല്ലം സ്വദേശി സുബൈദയെ അഭിനന്ദിച്ച് എംഎൽഎയും നടനുമായ മുകേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
ആറ് ദിവസത്തെ ശമ്പളം നൽകാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള സർക്കാർ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മുകേഷിന്റെ ഫേസ്‌ബുക്കിലൂടെയുള്ള പ്രതികരണം.

മോശമായ ജീവിതസാഹചര്യങ്ങൾക്കിടയിൽ നിന്നും ഉമ്മ തന്ന 5510 രൂപയ്‌ക്ക് അവരുടെ ജീവന്റെ വിലയുണ്ടെന്ന് ഉത്തരവ് കത്തിച്ചവരെ ഓർമപ്പെടുത്തിയാണ് മുകേഷിന്റെ കുറിപ്പ്

മുകേഷിന്റെ കുറിപ്പ് വായിക്കാം

ഉത്തരവുകൾ കത്തിച്ചവർ അറിയുന്നതിന്...

ഇന്നത്തെ എന്റെ ദിവസം ആരംഭിച്ചത് എന്റെ മണ്ഡലത്തിലെ ഇന്നത്തെ നായിക സുബൈദാ ഉമ്മയുടെ വീട്ടിൽ നിന്നുമാണ്...
ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്

കാരണം അവരുടെ ഉപജീവന മാർഗം കൂടി ആയിരുന്നു അവരുടെ ആടുകൾ...
ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിച്ചിരുന്ന സുബൈദ ഉമ്മ അതിന് വഴി കണ്ടത് ആടിനെ വിറ്റ്. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദ ഉമ്മയാണ് ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപ കൈമാറിയത്. ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുള്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് താമസം.

ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ അയ്യായിരം വാടക കുടിശ്ശിക നല്‍കി രണ്ടായിരം കറണ്ട് ചാര്‍ജ്ജ് കുടിശ്ശികയും നല്‍കി. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചാനലില്‍ കാണുന്ന സുബൈദ ഉമ്മ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോച്ചിതാണ് സംഭാവന നല്‍കണമെന്നത്.

ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും വരവും കുറവാണ്. ഭാര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവതില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് സുബൈദഉമ്മയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. . അടിനെ വിറ്റായാലും ഒടുവില്‍ ആഗ്രഹം സഫലമായ ചാരിതാര്‍ത്ഥ്യത്തിലാണ് സുബൈദ ഉമ്മ... ഉമ്മയെ വീട്ടിൽ എത്തി അഭിനന്ദിച്ചു.....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :