അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 ജൂലൈ 2023 (19:58 IST)
എടവണ്ണയിലെ സദാചാര ആക്രമണത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. പഞ്ചായത്തംഗവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഒതായി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ജൂലൈ 13നാണ് എടവണ്ണ ഓതായി സ്വദേശിനിയായ യുവതിക്കും സഹോദരനുമെതിരെ എടവണ്ണ ബസ്‌റ്റോപ്പില്‍ വെച്ച് സദാചാര ആക്രമണമുണ്ടായത്. സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍,പഞ്ചായത്തംഗം അംഹം ജസീല്‍,ഗഫൂര്‍ തൂവക്കാട്,കരീം മുണ്ടേങ്ങര,മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എടവണ്ണ പോലീസ് കേസെടുത്തിരുന്നു.
വണ്ടൂര്‍ കോ ഓപ്പറേറ്റീവ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. പ്ലസ് ടു വിദ്യാര്‍ഥിയായ സഹോദരനൊപ്പം വീട്ടില്‍ പോകുകയായിരുന്ന ഇവര്‍ എടവണ്ണ ബസ് സ്റ്റാന്റില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു. യുവതിയും യുവാവും ഒന്നിച്ച് നില്‍ക്കുന്നത് കണ്ട സദാചാര അക്രമിയായ ഒരാള്‍ വഴിവിട്ട ബന്ധം ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് സഹോദരനും കൂട്ടുകാരും ചോദ്യം ചെയ്തതോടെ കുറച്ച് ആളുകള്‍ ഇവരെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.