മോണോറയിലില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്; കോഴിക്കോട്ടെ ഓഫീസ് ഡി‌എം‌ആര്‍സി പൂട്ടുന്നു

കോഴിക്കോട്ട്| VISHNU N L| Last Modified ശനി, 8 ഓഗസ്റ്റ് 2015 (11:34 IST)
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) കോഴിക്കോട്ടെ ഓഫീസ് പൂട്ടാനൊരുങ്ങുന്നു. മോണോ റയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട്ട് ഡിഎംആർസി തുറന്ന ഓഫിസാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഫീസ് പൂട്ടുന്നതിന്റെ ഭാഗമായി ഡി‌എം‌ആര്‍സി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്‍കി.

2012 ഏപ്രിലിലാണ് ഡിഎംആര്‍സി‌ കോഴിക്കോട്ട് ഓഫിസ് തുറന്നത്. ലൈറ്റ് മെട്രോ അല്ലെങ്കില്‍ മോണോ റെയില്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് കോഴിക്കോട്ട് ഡിഎംആര്‍സി ഓഫീസ് തുറന്നത്. പദ്ധതിയുടെ പ്രഖ്യാപനമല്ലാതെ ഇതുവരെ ഒന്നും നടന്നില്ല. സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കില്‍ ഡിഎംആര്‍സി നിരാശരായി.

വിശദമായ പദ്ധതിരേഖ സമര്‍പ്പിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്ന സാഹചര്യത്തില്‍ പദ്ധതികളില്‍ കാര്യമായ പ്രതീക്ഷയില്ലെന്ന് ഡിഎംആര്‍സി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊടെയാണ് സപ്തംബര്‍ 30 നകം ഓഫീസ് ഒഴിയുമെന്നുകാട്ടി ഡിഎംആര്‍സി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കോഴിക്കോട് നഗരത്തിലൂടെ മോണോ റയിലും ലൈറ്റ് മെട്രോയും ഓടിത്തുടങ്ങുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. പക്ഷേ, മൂന്നരവര്‍ഷം കഴിഞ്ഞിട്ടും പണി തുടങ്ങുന്ന ലക്ഷണമില്ല. പണി ഇന്നല്ലെങ്കില്‍ നാളെ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഡിഎംആര്‍സി ഓഫിസ് തുറന്നത്. കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബിസിനസ് പാര്‍ക്കിലായിരുന്നു ഓഫിസ്. പന്ത്രണ്ടു പേരായിരുന്നു ജീവനക്കാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :