മങ്കി പോക്സ് രോഗത്തില്‍ ആശങ്ക വേണ്ടെന്ന് ഐഎംഎ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ജൂലൈ 2022 (20:24 IST)
കേരളത്തില്‍ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട മങ്കി പോക്സ് രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എം.എ. കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളത്. രോഗിയുമായി അടുത്തിടപഴകുന്ന ആളുകളില്‍ മാത്രമാണ് മങ്കി പോക്സ് രോഗം പകരാന്‍ സാധ്യതയുള്ളത്. ശരീര ശ്രവങ്ങളില്‍ കൂടി രോഗിയില്‍ നിന്നും മറ്റുള്ളവരി ലേക്കു രോഗം പകരാം. അന്തരീക്ഷത്തില്‍ കൂടിയോ മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടിയോ ഈ രോഗം പകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളില്‍
ഈ വര്‍ഷം മങ്കി പോക്സ് മൂലം മരണം നടന്നതായി റിപ്പോര്‍ട്ടുകളില്ല.

ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓര്‍ത്തോപോക്സ് വിഭാഗത്തില്‍പ്പെട്ട ഡി.എന്‍.എ. വൈറസുകളാണ് രോഗകാരണം. ചിക്കന്‍ പോക്സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ചിക്കന്‍ പോക്സിനു തുല്യമാകാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഉള്ളവരുമായി അടുത്തു സമ്പര്‍ക്കം ഉണ്ടായാല്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ചകള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ പഴുത്തു പൊട്ടുകയും തുടര്‍ന്ന് ഉണങ്ങിത്തുടങ്ങുകയും ചെയ്യും. മിക്കവരിലും രോഗം തനിയെ ഭേദമാകും. അപൂര്‍വ്വമായി മാത്രമേ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാറുള്ളൂ. ചുണങ്ങുകള്‍ കരിയുന്നതുവരെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :