മാണിയിപ്പോള്‍ മാറി നില്‍ക്കേണ്ട, വിധി എതിരായാല്‍ മാറി ചിന്തിക്കും- ഹസന്‍

എം എം ഹസന്‍ , ബാര്‍ കോഴ കേസ് , എംഎം ഹസന്‍ , യുഡിഎഫ് , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (11:37 IST)
തദ്ദെശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന് കാരണം കെഎം മാണിയും ബാര്‍ കോഴയുമാണെന്ന ആരോപണങ്ങള്‍ വ്യാപകമായിരിക്കെ നിലപാടു കടുപ്പിച്ചു എംഎം ഹസന്‍ രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ മാണി മാറി നില്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധി എതിരായാല്‍ മാറി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ വിജിലന്‍സ് വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്നാണ്. കേസില്‍ പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബലാണ് സര്‍ക്കാരിനുവേണ്ടി ഹാജരാകുക.

അതേസമയം, ബാര്‍ കോഴ അടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ ആരോപണങ്ങള്‍ കത്തി നിന്നപ്പോഴും അമിത ആത്മവിശ്വാസത്തിലായിരുന്ന നേതാക്കള്‍ സാഹചര്യം മനസിലാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദെശ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ്. ഇതുമൂലം ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനും സാമുദായിക ധ്രുവീകരണം തടയാനും കഴിഞ്ഞില്ല.
പരാജയത്തിന്റെ പേരില്‍ ആര്‍എസ്പി മുന്നണി വിടില്ലെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന് കാരണം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസാണെന്ന് ആര്‍ എസ് പി സംസ്‌ഥാന സെക്രട്ടറി എഎ അസീസ് രാവിലെ പറഞ്ഞിരുന്നു. തദ്ദെശ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം ബാര്‍ കോഴ തന്നെയാണ്. വിഷയത്തില്‍ മാണി എന്തൊക്കെ പറഞ്ഞാലും ജനത്തിന് പ്രതിഷേധമുണ്ടെന്നും അസീസ് പറഞ്ഞു.

ബാര്‍ കോഴക്കെസില്‍ മാണി എന്തെക്കെ ന്യായം പറഞ്ഞാലും ജനത്തിന് ശക്തമായ രീതിയില്‍ പ്രതിഷേമുണ്ട്. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം മാണി എടുക്കേണ്ടിയിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫില്‍ യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ല. മുന്നണി മര്യാദ വെച്ചാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. ഇങ്ങനെ വന്നാല്‍ എല്ലാവരും മുങ്ങുമെന്നും
അസീസ് പറഞ്ഞു.

ബാര്‍ കോഴക്കെസില്‍ മാണി തെറ്റു ചെയ്‌തിരുന്നുവെങ്കില്‍ തിരിച്ചുവരാന്‍ സമയമുണ്ടായിരുന്നു. പാലയല്ല കേരളമെന്ന് മാണി മനസിലാക്കണമെന്നും ആര്‍ എസ് പി സംസ്‌ഥാന സെക്രട്ടറി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണങ്ങള്‍ ശക്തമായിരിക്കെ പ്രസ്‌താവനയുമായി മാണി രംഗത്ത് എത്തി. ബാർ കോഴ എവിടെ വേണമെങ്കിലും ചർച്ച ചെയ്യാന്‍ തയാറാണ്. ഈ വിഷയം തുറന്ന പുസ്‌തകമാണ്. ഇക്കാര്യത്തിൽ ആർക്കും ആശങ്കയില്ലെന്നും തനിക്ക് പരിഭ്രമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :