ഇങ്ങനെയല്ല സ്ത്രീകളോട് പെരുമാറേണ്ടത്: എസ് രാജേന്ദ്രനെ തള്ളി എം എം മണി

Last Updated: ചൊവ്വ, 12 ഫെബ്രുവരി 2019 (10:37 IST)
സബ് കളക്ടര്‍ ഡോ. രേണു രാജിനെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ തള്ളി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. കൂടിയാലോചനകള്‍ക്ക് ശേഷം എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇങ്ങനെയല്ല സ്ത്രീകളോട് പെരുമാറേണ്ടത്. എംഎല്‍എ സബ് കളക്ടര്‍ക്കെതിര നടത്തിയ പരാമര്‍ശവും പിന്നീട് നടത്തിയ ഖേദം പ്രകടനവും ശരിയായില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്നലെയായിരുന്നു എംഎല്‍എ പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തിയത്. പ്രതിഷേധം കനത്തതോടെയാണ് ഖേദം പ്രകടമെന്നത് ശ്രദ്ധേയമാണ്. അവള്‍ എന്ന് വിളിച്ചത് സബ് കളക്ടറുടെ മനസ് വിഷമിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു എം എൽ എ പറഞ്ഞത്.

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം നടത്തിയ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും എസ്. രാജേന്ദ്രനെതിരെയും സബ് കളക്ടര്‍ റിപ്പോര്‍ട്ട് എജിക്ക് നല്‍കിയിട്ടുണ്ട്. 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :