സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 9 മെയ് 2022 (19:49 IST)
തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്
വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമഭേദഗതിക്ക് ശ്രമിക്കുന്നത്. വളഞ്ഞ വഴിയിലൂടെ യൂണിയന്‍ പിടിച്ചെടുക്കുന്നതിനു വേണ്ടിയാണ് നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നത്. ഇതിന് വേണ്ടിയാണ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ സെക്ഷന്‍ 28, സബ്‌സെക്ഷന്‍ 8 എന്നിവ ഭേദഗതി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമെ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വോട്ടവകശമുള്ളൂ. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങള്‍ക്ക് കൂടി വോട്ടവകാശം നല്‍കുന്നത് റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കും. സര്‍ക്കാര്‍ നിദ്ദേശച്ചിരിക്കുന്ന ഭേദഗതികള്‍ ഏകപക്ഷീയവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14-ന്റെ നേരിട്ടുള്ള ലംഘനവുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.