കൊച്ചി|
JOYS JOY|
Last Updated:
ബുധന്‍, 9 മാര്‍ച്ച് 2016 (15:22 IST)
കൃഷ്‌ണന്‍ ഓടിക്കളിച്ച മഥുരയിലും വൃന്ദാവനിലും എത്തിയപ്പോഴാണ് മീരാബായി സംഘമിത്രയുടെ മനസ്സില്‍ കയറിക്കൂടിയത്. മഥുരയും വൃന്ദാവനും വിട്ട് വീട്ടിലെത്തിയെങ്കിലും മീരയുടെ ദു:ഖം ഈ കുട്ടിയുടെ മനസ്സില്‍ പോയില്ല. രാജകുമാരിയായിരിക്കെ എല്ലാ ഭൌതിക സുഖങ്ങളും ഉണ്ടായിരുന്നിട്ടും കൃഷ്ണനോടുള്ള പ്രേമാഗ്നിയില്‍ തന്റെ ജീവിതം ഹോമിച്ച മീരാബായി സംഘമിത്രയുടെ ദു:ഖമായി. അങ്ങനെ അവള്‍ മീരാബായിയെക്കുറിച്ചുള്ള പുസ്തകം എഴുതിത്തുടങ്ങി.
പതിമൂന്നുകാരിയായ
സംഘമിത്ര എഴുതിയ, ‘The Mysterious Love of Meerabai’ എന്ന പുസ്തകം കഴിഞ്ഞദിവസമാണ് പ്രകാശനം ചെയ്തത്. ഇവരുടെ രണ്ടാമത്തെ പുസ്തകമാണ് ഇത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അനുസ്മരണ ദിനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ എല്‍ മോഹന വര്‍മ്മയാണ് പുസ്തകം പ്രകാശനം ചെയ്തത്.
പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് വലിയ പ്രശംസയാണ് കെ എല്‍ മോഹനവര്‍മ്മ ഈ പെണ്‍കുട്ടിക്ക് നല്കിയത്. ‘ഇന്ന് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അനുസ്മരണ ദിനമാണ്. അന്നു തന്നെ സംഘമിത്രയുടെ പുസ്തകപ്രകാശനവും വന്നത് യാദൃശ്ചികമല്ല. ഈ കുട്ടിയുടെ പുസ്തകം മുഴുവന്‍ വായിച്ചതിന്റെ വെളിച്ചത്തില്‍ പറയുന്നു; ലളിതാംബികാമ്മ പറയാന്‍ ബാക്കി വച്ചതു പറയാന്‍ അവര്‍ തന്നെ പുനര്‍ജന്മമെടുത്തിരിക്കുകയാണ് സംഘമിത്രയിലൂടെ. ഇത്ര സുതാര്യമായ ഭാഷാശൈലി, വിഷയത്തില്‍ ആഴമായി ലയിച്ചു നിന്നുകൊണ്ടുള്ള ആഖ്യാനരീതി, ഇതൊക്കെ ജന്മസിദ്ധമാണ്. കൃത്രിമമായി സൃഷ്‌ടിക്കാവുന്നതല്ല’ - മോഹനവര്‍മ്മ പറഞ്ഞു.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കഥകളെഴുതുന്ന സംഘമിത്രയുടെ ആദ്യപുസ്തകം ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു പ്രകാശനം ചെയ്തത്. ‘വൃന്ദാവനിലെ കൃഷ്‌ണന്‍’ എന്ന ഈ പുസ്തകം എഴുതിയതിനു ശേഷമാണ് ഇവര്‍ മഥുരയും വൃന്ദാവനും സന്ദര്‍ശിച്ചത്. ഈ യാത്രയില്‍ മനസ്സില്‍ പതിഞ്ഞ മീരാബായിയാണ് രണ്ടാമത്തെ പുസ്തകത്തിന് ഇതിവൃത്തമായത്. മൂന്നാമതായി എഴുതുന്ന പുസ്തകം രാധയ്ക്കു വേണ്ടിയാണ്. പ്രാണനേക്കാള്‍ അധികമായി സ്നേഹിച്ചിട്ടും ധര്‍മ്മരക്ഷകനായി ജനിച്ച കൃഷ്ണനെ തന്റേതുമാത്രമാക്കി, കൂട്ടിലടച്ച കിളിയാകാന്‍ രാധ തയ്യാറായില്ല. ലോകരക്ഷാര്‍ത്ഥം കൃഷ്ണന്‍ തന്നെ വിട്ടുപോകട്ടെ എന്നവള്‍ തീരുമാനിച്ചു. വേര്‍പാടിന്റെ ആ വേദന രാധ സ്വയം സഹിച്ചു. ആ രാധയെക്കുറിച്ചാണ് ഇനിയുള്ള പുസ്തകമെന്ന് സംഘമിത്ര പറഞ്ഞു.
എഴുത്തിന്റെ മേഖലയില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് വിശ്വസിക്കുന്ന ഈ കുട്ടി പാഠനത്തിലും പാഠ്യേതര മേഖലകളിലും ഒരുപോലെ മിടുക്കിയാണ്. പ്രസംഗക, ചിത്രകാരി, നര്‍ത്തകി അങ്ങനെ പലതുമാണ് സംഘമിത്ര. വൈറ്റില ടോക് എച്ച് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സംഘമിത്ര.