മാറാട്‌ കൂട്ടക്കൊലക്കേസിലെ മുഖ്യസാക്ഷി കൂറുമാറി

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (16:38 IST)
മാറാട്‌ കൂട്ടക്കൊലക്കേസിലെ മുഖ്യസാക്ഷി വിചാരണയ്‌ക്കിടെ കൂറുമാറി. ആയുധങ്ങള്‍ വാഹനത്തില്‍ കടത്തിയതിന്‌ സാക്ഷിയായ ഡ്രൈവര്‍ ടി. നൗഷാദാണ്‌ കൂറുമാറിയത്‌. അതേസമയം വിചാരണയ്‌ക്ക് ഹാജരാകാത്ത ദൃക്‌സാക്ഷി ഉള്‍പ്പെടെ മൂന്ന്‌ സാക്ഷികളെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാനും പ്രത്യേക കോടതി ക്രൈംബ്രാഞ്ചിനോട്‌ ആവശ്യപ്പെട്ടു. മാറാട്‌ സ്വദേശികളായ സുഗുണന്‍, അംബുജാക്ഷന്‍, ജയാനന്ദന്‍ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്‌.

കൊലപാതകങ്ങള്‍ നേരില്‍ കണ്ട സുഗുണനോടും മാറാട്‌ ഒരു പള്ളിയില്‍ ഗൂഢാലോചന കണ്ട അംബുജാക്ഷനോടും ജയാനന്തനോടും വിചാരണയ്‌ക്കു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ കോടതി നിരവധി തവണ സമന്‍സ്‌ അയച്ചുവെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

കോഴിക്കോട്‌ എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷനല്‍ സെഷന്‍സ്‌ കോടതിയില്‍ കഴിഞ്ഞ പതിനഞ്ചിനാണ്‌ കേസിലെ വിചാരണ തുടങ്ങിയത്‌.
മാറാട്‌ കൂട്ടക്കൊലക്കേസില്‍ മൊത്തം 148 പ്രതികളായിരുന്നു. ഇവരില്‍ 87 പേരെ കീഴ്‌ക്കോടതികള്‍ ശിക്ഷിച്ചു. ഇവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :