തിരുവനന്തപുരം|
jibin|
Last Modified ശനി, 30 മെയ് 2015 (15:09 IST)
സംസ്ഥാനത്തെ മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസിന്‍റെ തീവ്രനിലപാട് വിജയിക്കില്ലെന്ന് പൊലീസ് മേധാവി കെഎസ് ബാലസുബ്രഹ്മണ്യം. മാവോയിസ്റ്റുകള്‍ ഭരണഘടനയെ അംഗീകരിക്കുന്നില്ലെങ്കിലും അവര്‍ക്കെതിരെ നിയമപരമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മാവോയിസ്റ്റുകളോട് തീവ്രനിലപാട് വിജയിക്കില്ലെന്നും വെടിവച്ചു കൊല്ലണമെന്ന് ഒരുഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ലെന്നും നാളെ വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
ചീഫ് സെക്രട്ടറി ഇകെ ഭരത്‍ഭൂഷണ് തന്നോടുളള വൈരാഗ്യത്തിന്‍റെ കാരണം അറിയില്ല. വിദേശയാത്രാ വിവാദം വ്യക്തിപരമായ ആക്രമണമായിരുന്നു. തങ്ങള്‍ തമ്മിലുള്ള പരാതിയില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും എന്നാല്‍ ചീഫ് സെക്രട്ടറിയെ താക്കീത് ചെയ്തോയെന്ന കാര്യം അറിയില്ലെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.
വിവാദവ്യവസായിയും ചന്ദ്രബോസ് കൊലപാതക കേസിലെ പ്രതിയുമായ നിസാം കേസില്‍ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെയും സസ്പെന്‍ഷനില്‍ കഴിയുന്ന തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചുകൊണ്ടുളള കത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും പൊലീസ് സേനയെ കാര്യക്ഷമമായി നയിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയുണ്ടെന്നും വിരമിക്കുന്ന ഡിജിപി വ്യക്തമാക്കി. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.